രാജ്യത്ത് നിന്ന് മഴ മാറിനിൽക്കുന്നു; ഈ മാസം പെയ്തത് 17.5 മില്ലി മാത്രം

കൊച്ചി
Posted on: March 30, 2019 12:54 pm | Last updated: March 30, 2019 at 12:54 pm

കൊച്ചി: വേനലിൽ സംസ്ഥാനം മാത്രമല്ല രാജ്യം തന്നെ ചുട്ടുപൊള്ളുകയാണന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് മാസത്തിൽ രാജ്യത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോലും മഴക്ക് കാര്യമായ കുറവുണ്ടായിരിക്കുകയാണ്. ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട അരുണാചൽ പ്രദേശിൽ 30 ശതമാനം കുറവാണ് ഇതുവരെ പെയ്തത്.

ഈ മാസം ഇതുവരെ 17.5 മില്ലി മീറ്റർ മഴ രാജ്യത്ത് ലഭിച്ചു. 28.8 എം എം മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ കുറവുണ്ടായിരിക്കുന്നത്. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ മാസം മഴ ലഭിച്ചിട്ടുള്ളതെങ്കിലും അതിൽ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് 20-50 ശതമാനത്തിനിടക്ക് മഴ ലഭിച്ചത്. ബാക്കി നാല് സംസ്ഥാനങ്ങളിലും 20 ശതമാനത്തിൽ താഴെ മാത്രമാണ് മഴ ലഭിച്ചിട്ടുള്ളത്. ചത്തീസ്ഗഢ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് കുറച്ചെങ്കിലും മഴ അധികമായി ലഭിച്ചത്. അതേ സമയം ഗോവ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ഈ മാസം ഒരു തുള്ളി മഴപോലും നിലത്ത്‌ വീണിട്ടില്ല.

തമിഴ്‌നാടുൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ വലിയ തോതിൽ മഴയുടെ കുറവാണ് അനുഭവപ്പെടുന്നത്. ഇതിൽ ലക്ഷദ്വീപും ഉൾപ്പെടുന്നു. കേരളം, കർണാടക, ആന്ധ്രാ പ്രദേശ് ഉൾപ്പെടെയുള്ള 14 സംസ്ഥാനങ്ങളിലും മഴ മാറി നിൽക്കുകയാണ്. സംസ്ഥാനത്ത് ഈ മാസം 27.2 എം എം മഴ ലഭിക്കേണ്ട സ്ഥാനത്ത് 13.3 എം എം മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വേനലിൽ ആശ്വാസമായി മഴക്കായി സംസ്ഥാനം ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന സൂചന. സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഒറ്റപ്പെട്ട മഴക്ക് മാത്രമേ സാധ്യതയുള്ളൂ.
തിരുവനന്തപുരം, പത്തനംതിട്ട,പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മഴക്ക് ഒരുവിധ സാധ്യതയുമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മറ്റ് ജില്ലകളിൽ മൂന്നാം തീയതിക്കുള്ളിൽ ചാറ്റൽ മഴക്ക് മാത്രമാണ് സാധ്യത.