Connect with us

Ongoing News

നിസാമാബാദിൽ വോട്ടിംഗ് മെഷീൻ സുല്ലിട്ടു; വോട്ടെടുപ്പിന് ബാലറ്റ് പേപ്പർ

Published

|

Last Updated

കെ കവിത

ഹൈദരാബാദ്: ഈ തിരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ വിവി പാറ്റ് വോട്ടിംഗ് യന്ത്രത്തിലൂടെ ജനവിധിയെഴുതുമ്പോൾ തെലങ്കാനയിലെ നിസാമാബാദ് വേറിട്ടുനിൽക്കും. നിസാമാബാദിലെ വോട്ടർമാർ പഴയ ഓർമകൾ പുറത്തെടുത്ത് ബാലറ്റ് പേപ്പറിൽ മുദ്ര പതിപ്പിച്ചാണ് ഇത്തവണ് വോട്ട് ചെയ്യുക. ടി ആർ എസ് മേധാവിയും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ സിറ്റിംഗ് എം പി കെ കവിതയാണ് ഈ മണ്ഡലത്തിലെ സ്ഥാനാർഥി.

ഇവർക്കെതിരെ 170 കർഷകർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പത്രിക പിൻവലിക്കാനുള്ള തീയതി വ്യാഴാഴ്ച അവസാനിച്ചു. സൂക്ഷ്മ പരിശോധനയും കഴിഞ്ഞു. ഇത്രയും പൂർത്തിയായപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷമവൃത്തത്തിലായി. മത്സരിക്കാൻ ഇപ്പോൾ 185 സ്ഥാനാർഥികൾ. പരമാവധി 64 (നോട്ട ഉൾപ്പെടെ) സ്ഥാനാർഥികൾ വരെ ആണെങ്കിൽ മാത്രമേ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് പ്രായോഗികമാകൂ. ഇതിൽ കൂടുതൽ സ്ഥാനാർഥികൾ മത്സരത്തിൽ ഉറച്ചുനിൽക്കുന്ന സ്ഥിതിക്ക് നിസാമാബാദിൽ ഇനി ബാലറ്റ് പേപ്പറല്ലാതെ മറ്റ് മാർഗമില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു. ബാലറ്റ് പേപ്പറുകൾ സജ്ജമാക്കുന്നതിന് കാലതാമസം ഉണ്ടായാൽ നിസാമാബാദ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടിവരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രജത് കുമാർ പറഞ്ഞു. സ്ഥാനാർഥികൾ കൂടിയ സ്ഥിതിക്ക് അവർക്ക് ചിഹ്നം അനുവദിക്കുന്ന കാര്യത്തിലും പ്രയാസമുണ്ടായേക്കും. നിലവിൽ 194 ചിഹ്നങ്ങൾ ലഭ്യമാണെങ്കിലും കൂടുതൽ ചിഹ്നങ്ങൾ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ കർഷകവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് 174 കർഷകർ നാമനിർദേശ പത്രിക സമർപ്പിച്ചത്. അരിച്ചോളത്തിനും മഞ്ഞളിനും താങ്ങുവില പ്രഖ്യാപിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇരുന്നൂറോളം കർഷകരാണ് നേരത്തേ പത്രിക സമർപ്പിച്ചിരുന്നതെങ്കിലും ചിലർ പിൻവലിച്ചു.
പ്രധാനമന്ത്രി മോദി മത്സരിക്കുന്ന വാരാണസിയിലും സമാനമായ പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവിടെ തമിഴ്‌നാട്ടിൽ നിന്നുള്ള 111 കർഷകർ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.

Latest