Connect with us

Ongoing News

ഇന്ത്യക്ക് ജീവിക്കണം, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം

Published

|

Last Updated

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടേത്. മനോഹരമായ തിരഞ്ഞെടുപ്പ് സംവിധാനവും നമുക്കുണ്ട്. താഴെതട്ട് മുതൽ ഉയർന്ന തലത്തിൽ വരെ തിരഞ്ഞെടുപ്പിൽ തുല്ല്യത നിലനിൽക്കുന്നു. മനോഹരമായ ഭരണഘടനയുണ്ട് നമുക്ക്. നാല് കാര്യങ്ങളിലാണ് ഇതിന്റെ നിലനിൽപ്പ്. പരമാധികാരം, സോഷ്യലിസം, ജനാധിപത്യം, മതാതീയമായി ജീവിക്കാനുള്ള സൗകര്യം ഇതൊക്കെയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്.

മാറ്റങ്ങളെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇത് പ്രകടമാണ്. വാർധക്യത്തിന്റെ അനുഭാവപാഠങ്ങൾ ഉൾക്കൊള്ളുന്നുവെന്നല്ലാതെ ഭൂരിഭാഗവും തിരഞ്ഞെടുപ്പിൽ നേരിട്ട് പങ്കെടുക്കുന്നില്ല. പഴയ കാലത്ത് നിന്ന് പുതുയുഗത്തിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ടെക്‌നോളജി പൂർണതയിലെത്തിയ കാലത്താണ് ജീവിക്കുന്നത്. സമൂഹ മാധ്യമങ്ങളാണ് ചർച്ചകളെ സ്വാധീനിക്കുന്നതും യുവത്വത്തെ നിയന്ത്രിക്കുന്നതും.
പഴയകാല ചിന്തകൾക്ക് ഇത്തരം മീഡിയകളിൽ പ്രസക്തിയില്ല. പത്രം വായിച്ച് അഭിപ്രായം രൂപവത്കരിച്ചിരുന്ന കാലം മാറി.

ടെക്‌നോളജി ജീവിതത്തെയാകെ മാറ്റി മറിച്ചിരിക്കുന്നു. ഭരണഘടനാ മൂല്ല്യങ്ങൾ ഉയർത്തി പിടിക്കാൻ കഴിവുള്ള ഒരു ഭരണത്തെക്കുറിച്ചാണ് വോട്ടർമാർ ചിന്തിക്കേണ്ടത്. ഇന്ത്യക്ക് ജീവിക്കണം. മനോഹരമായ ഭരണഘടനയുടെ മൂല്യങ്ങളും സങ്കൽപങ്ങളും സംരക്ഷിക്കപ്പെടണം. സമത്വബോധം വളരണം. നമ്മുടെ പരമാധികാരം പ്രധാനമാണ്. ഇത് ഏതെങ്കിലും വിദേശ ശക്തികൾക്കോ ആഭ്യന്തര ശക്തികൾക്ക് മുന്നിലോ അടിയറവെക്കരുത്. കോർപറേറ്റ് ഇടപെടലുകൾക്ക് അന്ത്യമുണ്ടാകണം.

ഈ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്. പ്രാദേശിക വികാരം വർധിക്കുന്നത് നല്ല ലക്ഷണമല്ല. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലുമെല്ലാം ഇത് പ്രകടമാണ്. ദക്ഷിണേന്ത്യക്കും ഇതിൽ നിന്ന് മാറി നിൽക്കാനാകില്ല. സോഷ്യലിസത്തോട് ചേർന്നുപോകുന്നതല്ല ഈ പ്രവണത. മതാതീയമായ സങ്കൽപ്പം ഉയർന്നുവരണം. ഇന്ത്യ എന്ന വികാരത്തിൽ ഒരു പോയിന്റിൽ എല്ലാവർക്കും ഒന്നിക്കാൻ കഴിയണം. ഇത് കപട ദേശീയതയുമാകരുത്. നെഹ്‌റുവിന്റെ വാക്കുകളാണ് ഓർമ്മയിൽ വരുന്നത്. “ഇന്ത്യ ജീവിച്ചാൽ ആര് മരിക്കും, ഇന്ത്യ മരിച്ചാൽ ആര് ജീവിക്കും.”

ഡോ. ജോർജ് ഓണക്കൂർ