കുഞ്ഞാലിക്കുട്ടിക്ക് 15 ബേങ്ക് അക്കൗണ്ടുകൾ

Posted on: March 30, 2019 11:25 am | Last updated: March 30, 2019 at 8:05 pm


മലപ്പുറം: ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് 15 ബേങ്ക് അക്കൗണ്ടുകൾ. നാമനിർദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ സബ് ട്രഷറിയിലുള്ള രണ്ട് അക്കൗണ്ടുകൾ ഉൾപ്പടെയാണിത്. ഭാര്യക്ക് എട്ട് അക്കൗണ്ടുകളാണുള്ളത്. എല്ലാ അക്കൗണ്ടുകളിലുമായി 59,04,078.56 രൂപയാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്.
എട്ട് ബേങ്ക് അക്കൗണ്ടുകളിലായി ഭാര്യയുടെ പേരിൽ 2,42,63,456.75 രൂപയുണ്ട്. സ്വത്ത് ഇനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ആകെ 1,97,65,000 രൂപയുടെ മൂല്യവും ഭാര്യക്ക് 30 ലക്ഷത്തിന്റെ മൂല്യവുമുണ്ട്. സ്വന്തം നാടായ മലപ്പുറം ജില്ലയിലെ ഊരകത്തെ സഹകരണ ബേങ്കിലാണ് കൂടുതൽ അക്കൗണ്ടുകളുള്ളത്. ഏഴെണ്ണമുണ്ടിവിടെ. ഇതിൽ ആദ്യത്തേത് കറണ്ട് അക്കൗണ്ടാണ്. ഇതിൽ 5515 രൂപയാണ് നിക്ഷേപം.

എന്നാൽ മറ്റ് ആറ് അക്കൗണ്ടുകളിൽ 31600 രൂപ, 114520 രൂപ, 30430 രൂപ, 63375 രൂപ, 46900 രൂപ, 15300 രൂപ എന്നിങ്ങനെയാണ് നിക്ഷേപം. മലപ്പുറത്തെ ട്രഷറിയിലുളള സേവിംഗ്സ് അക്കൗണ്ടിൽ 2,82,156 രൂപയാണ് നിക്ഷേപമുള്ളത്. തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിൽ 13,40,986 രൂപയുണ്ട്. മലപ്പുറത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ഭാര്യക്കും തുല്യ പങ്കാളിത്തം ഉള്ള അക്കൗണ്ടിലെ നിക്ഷേപത്തിൽ 16,13,190.19 രൂപയാണ് കുഞ്ഞാലിക്കുട്ടിയുടേത്. മലപ്പുറത്ത് ഇന്റസ്ഇന്റ് ബേങ്കിന്റെ ശാഖയിലും ഭാര്യക്ക് തുല്യ പങ്കാളിത്തമുള്ള നിക്ഷേപമുണ്ട്. ഇതിൽ 4,69,916.78 രൂപയാണ് കുഞ്ഞാലിക്കുട്ടിയുടേതായുള്ളത്. മലപ്പുറത്ത് ഐ സി ഐ സി ഐ ബേങ്കിൽ 3,61,645.39 രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതേ ബേങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പുതിയതായി ഒരു അക്കൗണ്ട് തുറന്നു. അതിൽ 4,05,000 രൂപയാണ് നിക്ഷേപം. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള മറ്റൊരു അക്കൗണ്ടിൽ 40,383 രൂപയുടെ നിക്ഷേപമുണ്ട്.

ഇവക്ക് എല്ലാം പുറമെ ഡൽഹിയിൽ സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പാർലിമെന്റ് ഹൗസ് ബ്രാഞ്ചിൽ 9,63,061.20 രൂപയും ഉണ്ട്. സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ മലപ്പുറം ശാഖ, ഇന്റസ്ഇന്റ് മലപ്പുറം ശാഖ, കോട്ടക്കൽ സഹകരണ അർബൻ ബേങ്ക്, സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ സുൽത്താൻ ബത്തേരി, കാത്തലിക് സിറിയൻ ബേങ്ക് മലപ്പുറം, ഐ സി ഐ സി ഐ ബേങ്ക് മലപ്പുറം എന്നിവിടങ്ങളിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യക്ക് അക്കൗണ്ടുള്ളത്.
ഇ ടി മുഹമ്മദ് ബശീറിന്റെ കൈവശം 35,000 രൂപയും ഭാര്യയുടെ കൈവശം 5,500 രൂപയുമുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ജംഗമ ആസ്തിയുടെ ആകെ മൂല്യം 9,70,773.81 രൂപയും ഭാര്യയുടെ ഉടമസ്ഥതയിലുള്ള ജംഗമ ആസ്തിയുടെ മൂല്യം 1,95,500 രൂപയുമാണ്. മൂന്ന് ബേങ്ക് അക്കൗണ്ടുകളിലായി 7,00,773.81 രൂപയുണ്ട്. മാരുതി ആൾട്ടോ കാർ സ്വന്തമായുണ്ട്.

ഭാര്യക്ക് 8.5 പവൻ സ്വർണമുണ്ട്. വാഴക്കാട് വില്ലേജിൽ 3335.84 ചതുരശ്ര അടിയുള്ള ഭൂമി സ്വന്തം പേരിലും 4304.31 ചരുരശ്ര അടി ഭൂമി ഭാര്യയുടെ പേരിലുമുണ്ട്. ഇതിന് നിലവിൽ ഏകദേശം 23,00,000 രൂപയുടെ കമ്പോള വിലയുണ്ട്. വാഴക്കാട് വില്ലേജിൽ 6671.68 ചതുരശ്ര അടിയിലുള്ള ഭൂമിയിൽ 3,000 സ്‌ക്വയർ ഫീറ്റിലുള്ള പാർപ്പിടമുണ്ട്.

തന്റെ പേരിൽ ക്രിമിനൽ കേസുകളോ ശിക്ഷിക്കപ്പെട്ട കേസുകളോ ഇല്ല. ബേങ്കിലേക്കോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്കോ തുക കൊടുക്കാനില്ല. മറ്റു ബാധ്യതകളുമില്ല.