സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവും മാതാവും പിടിയില്‍

Posted on: March 30, 2019 10:03 am | Last updated: March 30, 2019 at 3:55 pm

കൊല്ലം: ഭര്‍തൃഗ്യഹതതില്‍ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതായി പോലീസ്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാര(27)യാണ് അതിദാരുണമായി മരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ തുഷാരയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ തുഷാരയുടെ ഭര്‍ത്താവ് ഓയൂര്‍ ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാല്‍(30), ചന്തുലാലിന്റെ മാതാവ് ഗീതാലാല്‍(55) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 21ന് രാത്രി 12ഓടെയാണ് തുഷാരയെ ഭര്‍ത്താവും വീട്ടുകാരും മരിച്ച നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ആഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് കണ്ടെത്തുന്നത്. ഏറെ നാളായി തുഷാരക്ക് ആഹാരം നല്‍കിയിരുന്നില്ല. 2013 തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം കഴിയുന്നത്. തുടര്‍ന്ന് സ്ത്രീധനമായി രണ്ട് ലക്ഷം രൂപവേണമെന്ന് ആവശ്യപ്പെട്ട് തുഷാരയെ ചന്തുലാലും മാതാവും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരികയായിരുന്നുവത്ര. രണ്ട് വര്‍ഷത്തിനിടെ രണ്ട് പ്രാവശ്യം മാത്രമാണ് തുഷാരയെ സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നത്. തുഷാരയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. മരണത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.