Connect with us

National

കോടതി ശിക്ഷ റദ്ദാക്കിയില്ല; ഹാര്‍ദിക് പട്ടേലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

Published

|

Last Updated

അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭക്കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള സാധ്യത അടഞ്ഞു. ഹര്‍ദിക് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കേസില്‍ മെഹ്‌സാന ജില്ലയിലെ സെഷന്‍സ് കോടതിയാണ് ഹാര്‍ദിക്കിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഈ വിധി സ്റ്റേ ചെയ്താലേ അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിക്കുകയുള്ളൂ.

ഏപ്രില്‍ 23 നാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം ഏപ്രില്‍ നാലിന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹാര്‍ദിക്കിന്റെ അഭിഭാഷകര്‍ അറിയിച്ചു. ജാംനഗറില്‍നിന്നാണ് ഹാര്‍ദിക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നത്.

നാല് വര്‍ഷം മുമ്പ്, പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ ബിജെപി എംഎല്‍എയുടെ ഓഫിസ് ആക്രമിച്ച കേസിലാണ് ഹാര്‍ദിക് ശിക്ഷാ നടപടി നേരിടുന്നത്. 2 വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്കു ശിക്ഷിക്കപ്പെടുന്നവര്‍ക്ക് 6 വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അയോഗ്യതയുണ്ടെന്ന വ്യവസ്ഥയാണ് ഹാര്‍ദിക്കിന് തിരിച്ചടിയാകുന്നത്.