Connect with us

Articles

ഗാന്ധിയെ പുണരുന്ന രാഷ്ട്രീയ നേരങ്ങള്‍

Published

|

Last Updated

പശുവിന്റെ പേരില്‍ ഉള്‍പ്പടെ അരങ്ങേറിയ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്.

ഗാന്ധിജിയെ ഓര്‍മയിലേക്ക് തിരിച്ചുകൊണ്ടുവന്ന രണ്ട് സന്ദര്‍ഭങ്ങള്‍ സമീപ ദിവസങ്ങളിലുണ്ടായി. ഒന്ന്, രാഷ്ട്രപിതാവിനെ കുറിച്ചെഴുതപ്പെട്ട പുതിയ പുസ്തകം രാഷ്ട്രതലസ്ഥാനത്ത് പ്രകാശിപ്പിക്കപ്പെട്ടതാണ്. ഇന്ത്യയിലെ ബീഫ് കയറ്റുമതിയെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവന്നതാണ് രണ്ടാമത്തെ സന്ദര്‍ഭം.

ഗാന്ധിജി എഴുതിയതിനെക്കാള്‍ എത്രയോ മടങ്ങ് ഗാന്ധിജിയെ കുറിച്ച് എഴുതപ്പെട്ടിരിക്കുന്നു. അനേകം ഭാഷകളില്‍ എണ്ണമറ്റ പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകൃതമായി. നാഥുറാമിന്റെ വെടിയുണ്ടയില്‍ ആ ജീവിതം പൊലിഞ്ഞ് ഏഴ് പതിറ്റാണ്ടുകള്‍ കടന്നുപോയിരിക്കുന്നു. എന്നിട്ടുമിപ്പോഴും ഗാന്ധി വായിക്കപ്പെടുന്നു, ഗാന്ധിജിയെ കുറിച്ചെഴുതപ്പെടുന്നു. ആ മഹാത്മാവ് എത്ര ആഴത്തില്‍ ഇന്ത്യന്‍ ജീവിതത്തില്‍ വേരാഴ്ത്തിയിരിക്കുന്നു എന്ന് തെളിയിക്കുന്നുണ്ട് നിലക്കാത്ത ഈ എഴുത്തും വായനയും. സ്വന്തം ജീവിതത്തോടും മൂല്യങ്ങളോടും രാഷ്ട്രപിതാവ് കാണിച്ച സത്യസന്ധതക്ക് ആഗോള സമൂഹം തിരിച്ചുനല്‍കുന്ന ആദരമായും ഇതിനെ കാണാവുന്നതാണ്.

ഏറ്റവുമൊടുവില്‍ പ്രകാശിതമായത് “ഗാന്ധിജി&ഹെല്‍ത്ത് @ 150” എന്ന പുസ്തകമാണ്. മാര്‍ച്ച് ഇരുപതിന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദലൈലാമയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആണ് പ്രസാധകര്‍. ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ സുപ്രധാന ആരോഗ്യ വിവരങ്ങള്‍ ആദ്യമായി വെളിപ്പെടുത്തുന്നു എന്ന സവിശേഷതയുണ്ട് ഈ പുസ്തകത്തിന്.

മരണമുഖത്തോളമെത്തുന്ന രോഗാനുഭവങ്ങളിലൂടെ ഗാന്ധിജി കടന്നുപോയതായി പുസ്തകം പറയുന്നു. മണ്ണിനോടും പ്രകൃതിയോടും ഇഴുകിച്ചേര്‍ന്ന ജീവിതമായിരുന്നിട്ടും, ജീവിതത്തെ ഏറ്റവും നിസ്സംഗമായി സമീപിച്ചിട്ടും കൂടിയ രക്തസമ്മര്‍ദം അദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ കത്തുകളില്‍ നിന്നു തന്നെ വ്യക്തമാകുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് ആകുലതയില്ലാതെ നിരന്തരമായി യാത്ര ചെയ്യുകയും ഒട്ടും സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ ജീവിക്കുന്നവരുമായി നിത്യേനയെന്നോണം ഇടപഴകുകയും ചെയ്ത ഒരാള്‍ക്ക് വന്നുഭവിക്കാവുന്ന രോഗാവസ്ഥകളിലൂടെയല്ലേ അദ്ദേഹം കടന്നുപോയത് എന്ന് ചോദിക്കാവുന്നതാണ്. പക്ഷേ, മറ്റേതൊരു ഇന്ത്യന്‍ നേതാവിനെയും പോലെയായിരുന്നില്ല ഗാന്ധിജി എന്നാണ് അതിനു നല്‍കാവുന്ന ഉത്തരങ്ങളിലൊന്ന്.
സ്വതന്ത്രമായ ആരോഗ്യവീക്ഷണം രൂപപ്പെടുത്തുകയും സ്വന്തമായി തന്നെ അത് പരീക്ഷിക്കാന്‍ ധൈര്യം കാട്ടുകയും ചെയ്തയാളാണ് നമ്മുടെ രാഷ്ട്രപിതാവ്. ആധുനിക വൈദ്യത്തെ അദ്ദേഹം നിരാകരിക്കുകയും അവിശ്വസിക്കുകയും ചെയ്തു. “ആരോഗ്യത്തിലേക്കുള്ള വഴി” എന്ന തന്റെ ചെറുപുസ്തകത്തിന് കിട്ടിയ വലിയ സ്വീകാര്യതക്ക് ഗാന്ധി കണ്ടെത്തിയ കാരണം, “ഡോക്ടര്‍മാരുടെയും വൈദ്യന്മാരുടെയും പാരമ്പര്യരീതി വിട്ട് പുതിയ രീതിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വീക്ഷിച്ചു” എന്നതാണ്. മനുഷ്യശരീരം ലോകസേവനത്തിനായി വിനിയോഗിക്കാനുള്ളതാണ് എന്ന ഉറച്ചബോധ്യത്തില്‍ നിന്നാണ് ഗാന്ധിജിയുടെ ആരോഗ്യദര്‍ശനങ്ങള്‍ രൂപപ്പെടുന്നത്.

“ലോകത്തില്‍ എന്തും ഉപയോഗിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യാം. മനുഷ്യശരീരത്തിനും ഇത് ബാധകമാണ്. ആസക്തിക്കോ അപരദ്രോഹത്തിനോ ശരീരത്തെ ഉപയോഗിക്കുമ്പോള്‍ നാമതിനെ ദുരുപയോഗിക്കുന്നു. ആത്മനിയന്ത്രണത്തോടെ ലോക സേവനത്തിനായി ശരീരത്തെ സമര്‍പ്പിക്കുമ്പോള്‍ നാമതിനെ ശരിയായ വഴിയില്‍ ഉപയോഗിക്കുന്നു.”
ദുര്‍ബലമായ ആ ശരീരത്തിനകത്ത് ആരോഗ്യമുള്ള മനസ്സ് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും ഇത്തരം ബോധ്യങ്ങള്‍ കൊണ്ടാണ്. ശരീരത്തെ ശരിയായ വഴിയില്‍ ഉപയോഗിക്കണമെന്ന നിഷ്‌കര്‍ഷയാണ് സകല ഹിംസകളോടും പൊരുതി നില്‍ക്കാന്‍ അദ്ദേഹത്തിന് കരുത്തായിത്തീര്‍ന്നത്.

എല്ലാ മേഖലയിലുമെന്ന പോലെ ആരോഗ്യരംഗത്തും നമ്മള്‍ ഇന്ത്യക്കാര്‍ ഗാന്ധിജിയെ വഴിയിലുപേക്ഷിച്ചു എന്ന് പറയാം. അദ്ദേഹത്തിന്റെ ആരോഗ്യ ദര്‍ശനങ്ങള്‍ പൂര്‍ണമായും ആധുനികമെന്നോ ശാസ്ത്രബദ്ധമെന്നോ പറയാനാകില്ല. എങ്കിലും ആരോഗ്യക്കൊള്ളയുടെ കാലത്ത് ചില ബദലുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് കണ്ടെത്താനാകും. പ്രത്യേകിച്ചും സാമൂഹികാരോഗ്യത്തില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണ്. ആരോഗ്യ മേഖലയില്‍ വലിയ ചൂഷണം നടക്കുകയും ദരിദ്രര്‍ക്ക് രോഗചികിത്സ കിട്ടാക്കനിയാകുകയും ചെയ്യുന്ന കാലത്ത് പ്രകൃതിയോടും മണ്ണിനോടും ചേര്‍ന്നുനില്‍ക്കുന്ന ഗാന്ധിജിയുടെ ആരോഗ്യ ദര്‍ശനങ്ങള്‍ കൂടുതല്‍ വായന ആവശ്യപ്പെടുന്നു. ഗാന്ധിജിയില്‍ നിന്ന് നമ്മുടെ രാജ്യം എത്രകാതം അകലെയാണ് എന്ന് വെളിപ്പെട്ട അഞ്ച് വര്‍ഷങ്ങളുടെ വിലയിരുത്തല്‍ നടക്കുന്ന ഈ വേളയില്‍ അത്തരം ഓര്‍മകളുടെ വീണ്ടെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരുന്നുണ്ട്.

ബീഫ്; കശാപ്പും കച്ചവടവും
ആമരണം സനാതന ഹിന്ദുവായിരുന്ന ഗാന്ധി ഒരിക്കലും ബീഫ് കഴിച്ചിരുന്നില്ല. എന്നാല്‍ അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യത്തെ അദ്ദേഹം മാനിച്ചു. അവര്‍ കൊല്ലപ്പെടേണ്ടതാണ് എന്നദ്ദേഹം കരുതിയില്ല. ഗോവധ നിരോധനത്തിനായി രാജ്യം എന്നെങ്കിലും നിയമം നിര്‍മിക്കരുത് എന്നദ്ദേഹം വാദിച്ചു. “ഗോവധ നിരോധനത്തിനായി ഇന്ത്യയില്‍ ഒരു നിയമവും രൂപവത്കരിക്കാന്‍ പാടില്ല. പശുവിനെ കൊല്ലുന്നത് ഹിന്ദുക്കള്‍ക്ക് വിലക്കപ്പെട്ടതാണെന്നതില്‍ എനിക്കു യാതൊരുവിധ സംശയവുമില്ല. പശുക്കളെ സേവിക്കുമെന്നു വളരെ മുമ്പേ പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും എങ്ങനെയാണ് എന്റെ മതം മറ്റ് ഇന്ത്യക്കാരുടെ മതമായി മാറുക? ഇങ്ങനെ ചെയ്യുന്നത് മറ്റു ഇന്ത്യക്കാരുടെ മേല്‍ എന്റെ മതം അടിച്ചേല്‍പ്പിക്കലാകും. മതപരമായ കാര്യത്തില്‍ യാതൊരുവിധ സമ്മര്‍ദമോ ബലപ്രയോഗമോ ഉണ്ടാകില്ലെന്നു നാം പറയുന്നുണ്ട്. പ്രാര്‍ഥനയില്‍ വിശുദ്ധ ഖുര്‍ആനിലെ വരികള്‍ പാരായണം ചെയ്യുന്നുണ്ട്. പക്ഷേ, ആരെങ്കിലും അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് എനിക്ക് ഇഷ്ടമില്ല. സ്വമേധയാ തയ്യാറാകാത്ത ഒരാളെ ഗോവധ നിരോധനത്തിന് എങ്ങനെയാണ് നിര്‍ബന്ധിക്കാനാകുക? ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കു പുറമെ മുസ്‌ലിംകളും പാര്‍സികളും ക്രിസ്ത്യാനികളും മറ്റു വിവിധ വിഭാഗങ്ങളുമുണ്ട്. ഇന്ത്യ ഹിന്ദുഭൂമിയായെന്ന ഹിന്ദുക്കളുടെ ധാരണ തെറ്റാണ്. “1947 ജൂലൈ 25ന് പ്രാര്‍ഥനായോഗത്തില്‍ അദ്ദേഹം പറഞ്ഞതാണിത്.”

ഗോവധ നിരോധനത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ചോദ്യം അതേ സംസാരത്തില്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്യുന്നു: “ഇതിനു പുറമെ, സമ്പന്നരായ ചില ഹിന്ദുക്കള്‍ ഗോവധം പ്രോത്സാഹിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ സ്വന്തം കൈകൊണ്ട് ഇത് ചെയ്യുന്നില്ല. പക്ഷേ, ആരാണ് പശുക്കളെ ആസ്ത്രേലിയയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കശാപ്പുചെയ്യാന്‍ അയക്കുകയും തുകലുകൊണ്ടുള്ള ഷൂകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്യുന്നത്?” വിദേശ രാജ്യങ്ങളിലേക്ക് ബീഫ് കയറ്റുമതി നടത്തുന്നത് ആരാണെന്ന് അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് ഗോവധ നിരോധനത്തിനെതിരെ മുറവിളി കൂട്ടുന്നവരുടെ സ്വന്തക്കാരിലേക്കായിരിക്കും എന്നതാണ് ഇന്നത്തെയും അവസ്ഥ.!

നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതല്‍ ആസൂത്രിതമായ എത്ര ആക്രമണങ്ങളാണ് ബീഫിന്റെ പേരില്‍ രാജ്യത്തുണ്ടായത്? അനേകം പേരെ അതിന്റെ പേരില്‍ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖില്‍ തുടങ്ങിയ കുരുതിയാണ്. പിന്നെ അത് പതിവ് വാര്‍ത്തയായി, നമ്മള്‍ ഞെട്ടാതായി. നടുക്കങ്ങള്‍ മാറിയ നാടായി മാറി നമ്മുടേത്. മുസ്‌ലിംകളെ മാത്രമല്ല ദളിതരെയും പശുവിന്റെ പേരില്‍ വളഞ്ഞിട്ടു മര്‍ദിച്ചു. കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ആക്രമണത്തിനിരയായി. ഗോരക്ഷാ ഗുണ്ടകളും കൊലയാളികളും അധികാര കേന്ദ്രങ്ങളില്‍ ഹാരമണിയിക്കപ്പെട്ടു. ഇതോടെ ബീഫ് കയറ്റുമതി കുത്തനെ ഇടിയും എന്നല്ലേ നമ്മളൊക്കെ കരുതിയത്? സംഭവിച്ചതോ? ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇപ്പോഴും നമ്മുടേത് തന്നെ.!

അത് മാത്രമോ? മോദി ഭരണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതിയില്‍ വലിയ വര്‍ധന ഉണ്ടായിരിക്കുന്നു എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകളില്‍ നിന്ന് മനസിലാകുന്നത്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലെപ്മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം മോദി അധികാരത്തില്‍ വന്ന 2014ല്‍ 14,75,540 മെട്രിക് ടണ്‍ ബീഫാണ് കയറ്റി അയച്ചത്. 2013-14 കാലത്ത് ഇത് 13,65,643 മെട്രിക്ക് ടണ്‍ മാത്രമായിരുന്നു. ഒരു പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന ബീഫ് കയറ്റുമതി നിരക്കും ആ വര്‍ഷത്തേത് ആയിരുന്നു.
2016-17ല്‍ 13,30,013 മെട്രിക് ടണ്‍ കയറ്റുമതി ചെയ്ത് മുന്‍ വര്‍ഷത്തേക്കാള്‍ 1.2 ശതമാനം വര്‍ധന രേഖപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം 1.3ശതമാനം വര്‍ധനയില്‍ 13,48,225 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. എന്നിട്ടും സംഘ്പരിവാര്‍ അവകാശപ്പെടുന്നത് അവര്‍ ഗോവധത്തിനെതിരാണ് എന്നാണ്. പ്രശ്‌നം ഗോ സ്‌നേഹത്തിന്റെതല്ല, മുസ്‌ലിം-ദളിത് വിരോധത്തിന്റെതാണ്. അത് മുമ്പേ തിരിച്ചറിഞ്ഞയാളാണ് മഹാത്മാ ഗാന്ധി. സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് തന്നെ അതേകുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ജനങ്ങളിലെ ഭൂരിപക്ഷം ഗോവധത്തിന് എതിരാണെന്നാലും ബാക്കിയുള്ള ന്യൂനപക്ഷം ബീഫ് കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതനുവദിച്ചു കൊടുക്കണമെന്ന നിലപാട് അദ്ദേഹം കൈകൊണ്ടു.

“ഇവിടെ ജീവിക്കുന്ന എല്ലാവരുടേതുമാണ് ഇന്ത്യ. ഇന്ത്യയില്‍ ഗോവധം നിയമപരമായി നിരോധിക്കുകയും പാക്കിസ്ഥാനില്‍ നേര്‍വിപരീതം സംഭവിക്കുകയും ചെയ്യുകയാണെങ്കില്‍ എന്തായിരിക്കും ഫലം? വിഗ്രഹാരാധന ശരീഅത്ത് പ്രകാരം തെറ്റായതിനാല്‍ ക്ഷേത്രങ്ങളില്‍ പോകാന്‍ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് അവര്‍ പറയുകയാണെങ്കില്‍? കല്ലില്‍ വരെ ദൈവത്തെ കാണുന്ന ഞാന്‍ ആ വിശ്വാസം വെച്ച് മറ്റുള്ളവരെ എങ്ങനെ വേദനിപ്പിക്കും? ആരെങ്കിലും എന്നെ ക്ഷേത്രദര്‍ശനത്തില്‍ നിന്നു തടയുകയാണെങ്കില്‍ ഞാന്‍ വീണ്ടും സന്ദര്‍ശിക്കും. അതിനാല്‍, ഗോവധം ആവശ്യപ്പെട്ടുള്ള ടെലഗ്രാമുകളിലും കത്തുകളിലും പണം നശിപ്പിക്കുന്നത് ഉചിതമല്ല.”

ഗോവധ നിരോധനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മഹാത്മാവിനെ തേടിയെത്തിയ എണ്ണമറ്റ കത്തുകളും ടെലഗ്രാമുകളും പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ആത്മാര്‍ഥതയില്ലാത്ത ഇത്തരം സമീപനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് കൂടി കാണാം ഈ പ്രസംഗത്തില്‍. ഗോരക്ഷയുടെ പേരില്‍ ആളെക്കൊല്ലുന്ന സംഘ്പരിവാര്‍ അടക്കിവാണ ഈ അഞ്ച് വര്‍ഷവും സാമൂഹിക മാധ്യമങ്ങളില്‍ ഈ ചോദ്യം ഉയരുന്നുണ്ടായിരുന്നു; എന്തുകൊണ്ട് ബീഫ് കയറ്റുമതി നിരോധിക്കുന്നില്ല? പോകട്ടെ, മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുന്ന കാലത്ത് ബീഫ് കയറ്റുമതി നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ ബി ജെ പി തയ്യാറാകുമോ? വിദൂര സാധ്യത മാത്രമേ കാണുന്നുള്ളൂ. കുത്തക മുതലാളിമാരെയും കോര്‍പറേറ്റ് ശക്തികളെയും പിണക്കുന്ന ഒരു നടപടിയും മോദിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. പശു ഞങ്ങളുടെ അമ്മയാണ്, ആത്മാവാണ്, വിശ്വാസമാണ് എന്നൊക്കെ വലിയവായില്‍ വര്‍ത്തമാനം പറയുകയും അതിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ പശുവിറച്ചി കയറ്റുമതി ചെയ്ത് കോടികള്‍ സമ്പാദിക്കുന്നവരെ കുറിച്ച് മൗനം പാലിക്കുന്നതിലെ കാപട്യം കൂടിയാണ് പുറത്തുവന്ന കണക്കുകളില്‍ വെളിപ്പെടുന്നത്.

മുഹമ്മദലി കിനാലൂര്‍