Connect with us

National

മണ്ഡലങ്ങള്‍ സംബന്ധിച്ച് തര്‍ക്കം: ബീഹാറിലെ മഹാസഖ്യം തകര്‍ച്ചാ ഭീഷണിയില്‍

Published

|

Last Updated

പാറ്റ്‌ന: നേരത്തെയുണ്ടാക്കിയ സീറ്റ് ധാരണകള്‍ ലംഘിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള പാര്‍ട്ടികളുടെ ശ്രമം ബീഹാറിലെ മാഹാസഖ്യത്തെ ബാധിക്കുന്നു. ഓരോ പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ധാരണയുണ്ടാക്കി, ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള  പ്രചാരണം തുടങ്ങിയതിനിടെയയാണ് ചില മണ്ഡലങ്ങളെ ചൊല്ലി മഹാസഖ്യത്തില്‍ തര്‍ക്കം

രൂപപ്പെട്ടിരിക്കുന്നത്.

തങ്ങള്‍ വലിയ പ്രതീക്ഷവെക്കുന്ന സീറ്റില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച് ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ജയിച്ച മിതിലാഞ്ചല്‍ മേഖലയിലെ ദര്‍ബംഗ സീറ്റിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. കീര്‍ത്തി ആസാദ് ബി ജെ പി വിട്ട് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തെ ഇവിടെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കൂടാതെ മധുബനി സീറ്റിനായും തര്‍ക്കം നിലനില്‍ക്കുന്നു. രണ്ട് സീറ്റുകളും സവര്‍ണ്ണ ഹിന്ദു വോട്ടുകള്‍ക്ക് പ്രാമുഖ്യമുള്ളതാണ്.

എന്നാല്‍ രണ്ട് സീറ്റും വിട്ടുനല്‍ാകാനാകില്ലെന്ന നിലപാടിലാണ് ആര്‍ ജെ ഡി. ദര്‍ബംഗ പരമ്പരാഗതമായി തങ്ങളുടെ മണ്ഡലമാണ്. 2014 നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത്തവണയും ആര്‍ ജെ ഡി സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ അബ്ദുല്‍ ബാരി സിദ്ദീഖിയെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും- ആര്‍ ജെ ഡി വക്താവും എം എല്‍ എയുമായ ഭായ് വീരേന്ദ്ര പറഞ്ഞു. ആര്‍ ജെ ഡിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്നും അബ്ദുല്‍ബാരി സിദ്ദീഖിയും പ്രതികരിച്ചു.
മധുബനി സീറ്റ് വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി ഐ പി)ക്ക് മുന്നണി വാഗ്ദാനം ചെയ്യപ്പെട്ടതാണ്. എന്നാല്‍ ഇവിടെ മുന്‍ എം പി അലി അന്‍വറിനെ മത്സരിപ്പിക്കാനാണ് ആര്‍ ജെ ഡി ശ്രമിക്കുന്നത്. ഈ സിറ്റില്‍ കോണ്‍ഗ്രസിനും താത്പര്യമുണ്ട്. കൂടാതെ മറ്റ് പല സീറ്റുകളിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആകെയുള്ള 40 മണ്ഡലങ്ങളില്‍ 20 സറ്റില്‍ ആര്‍ ജെ ഡി, ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക് സമദാപാര്‍ട്ടി അഞ്ച്, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവര്‍ മൂന്ന് സീറ്റ് വിതവും മത്സരിക്കാനായിരുന്നു മഹാസഖ്യത്തിന്റെ ധാരണ. ആര്‍ ജെ ഡിയുടെ 20 മണ്ഡലത്തില്‍ നിന്ന് ഒരു സീറ്റ് സി പി ഐ (എം എല്‍) ന് നല്‍കാനും ധാരണയായിരുന്നു. എന്നാല്‍ തങ്ങളുടെ സ്വീധീന മേഖലയിലുള്ള സീറ്റുകള്‍ക്കായി ഓരോ പാര്‍ട്ടിയും അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നതാണ് സഖ്യത്തെ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. ആര്‍ ജെ ഡി കടുപിടുത്തം തുടര്‍ന്നാല്‍ ഒറ്റക്ക് മത്സരിക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Latest