Connect with us

National

'രാഹുല്‍ കുട്ടിയാണ്, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ കുറിച്ച് ഞാനെന്തു പറയാനാണ്': മമത

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നാലു ദിവസത്തിനു ശേഷം പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. “രാഹുല്‍ കുട്ടിയാണ്. അദ്ദേഹം തോന്നുന്നത് പറയുകയാണ്. ഞാന്‍ അതേക്കുറിച്ച് എന്തു പറയാനാണ്.” രാഹുലിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്താണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മമത വ്യക്തമാക്കി. രാഹുലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനം പദ്ധതിയെ കുറിച്ച് അഭിപ്രായം പറയാന്‍ അവര്‍ തയാറായില്ല.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പോലെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതയും പരാജയപ്പെട്ടതായി സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടു പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞിരുന്നു. ബംഗാളില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും മമതക്കു കീഴില്‍ സംസ്ഥാനത്ത് ഒരു വികസനവും നടന്നിട്ടില്ലെന്നും മാല്‍ഡയില്‍ നടന്ന റാലിയില്‍ അദ്ദേഹം ആരോപിച്ചു. ബംഗാള്‍ ഭരിക്കുന്നത് ഒരാള്‍ മാത്രമാണ്. ആരോടെങ്കിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനോ അവര്‍ തയാറാകുന്നില്ല.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്ന് ഒരുമിച്ചുള്ള പോരാട്ടത്തിലൂടെയാണ് സംസ്ഥാനത്തെ 34 വര്‍ഷം നീണ്ട ഇടതു ഭരണത്തെ താഴെയിറക്കിയത്. എന്നാല്‍, പിന്നീട് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

Latest