Connect with us

Kerala

കനത്ത ചൂടിന് ശമനമായില്ല; ജാഗ്രതാ നിര്‍ദേശം ശനിയാഴ്ച വരെ നീട്ടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ശമനമായില്ല. ഒരാഴ്ച കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതാ നിര്‍ദേശം ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്. രണ്ട് ദിവസങ്ങളില്‍ സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

സൂര്യാതപമേറ്റ് ബുധനാഴ്ച മാത്രം വിവിധയിടങ്ങളിലായി അമ്പതോളം പേര്‍ക്കു പൊള്ളലേറ്റു. രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ പൊള്ളലേറ്റവരുടെ എണ്ണം 200 കവിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൂട് ശരാശരിയില്‍ നിന്ന് രണ്ടു മുതല്‍ മൂന്നുഡിഗ്രി വരെ കൂടിയേക്കുമെന്നതിനാല്‍ സൂര്യാഘാതത്തിനു സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചൂടേറ്റ് അസ്വസ്ഥത അനുഭവപ്പെട്ടവരില്‍ കൂടുതല്‍ പേര്‍ പത്തനംതിട്ട ജില്ലയിലാണെന്ന് ബുധനാഴ്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം വിലയിരുത്തി. 41 പേര്‍ക്കാണ് ഇവിടെ അസ്വാസ്ഥ്യമുണ്ടായത്.
പാലക്കാട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും 40 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തി.

Latest