പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി പ്രഖ്യാപനം: ചട്ടലംഘനമുണ്ടായോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സമതി

Posted on: March 27, 2019 9:46 pm | Last updated: March 28, 2019 at 9:18 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. പരിശോധനക്കായി പ്രത്യേക ഉദ്യോഗസ്ഥ സമതിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. മോദിയുടെ പ്രസംഗത്തില്‍ ചട്ട ലംഘനമുണ്ടായോയെന്ന് അടിയന്തിരമായി പരിശോധിച്ച് സമതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സമതിക്ക് നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്.

വിദഗ്ധ പരിശോധനക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടുന്നത്. ഡിആര്‍ഡിഒ നടത്തേണ്ടിയിരുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ച് കഴിഞ്ഞു. ചാര ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചുവെന്നും ഇത്തരം ശേഷിയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ ഉയര്‍ന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.