Connect with us

Kerala

സംസ്ഥാനത്ത് കൊടുംചൂട് തുടരും; 46 പേര്‍ക്ക് സൂര്യതപമേറ്റു, രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരവെ ഇന്ന് 46 പേര്‍ക്ക് സൂര്യാതപവും രണ്ട് പേര്‍ക്ക് സൂര്യാഘാതവുമേറ്റു. കനത്ത ചൂട് ഒരാഴ്ചകൂടി തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യം നേരിടാനും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോട്ടയത്ത് ഏഴ് പേര്‍ക്കും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്ക് വീതവും പത്തനംതിട്ടയില്‍ എട്ട് പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, കാസര്‌കോട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് സൂര്യാതപമേറ്റത്. തിരുവനന്തപുരത്താണ് രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റത്.

പാലക്കാട് മൂന്ന് ദിവസമായി ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും കടുത്ത ചൂട് തുടരും. അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതാ മുന്നറിയിപ്പുമുണ്ട്. കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയുവാനുമായി മൂന്ന് സമതികള്‍ രൂപീകരിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Latest