സൂര്യാതപം: കോഴിക്കോട്ട് ഏഴ് പേര്‍ കൂടി ചികില്‍സ തേടി

Posted on: March 27, 2019 8:40 pm | Last updated: March 27, 2019 at 8:40 pm

കോഴിക്കോട്: ജില്ലയില്‍ ഏഴ് പേര്‍ കൂടി സൂര്യാതപമേറ്റ് ചികില്‍സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യാതപമേറ്റ് ചികില്‍സക്കെത്തിയവരുടെ എണ്ണം 40 ആയി. ഇന്ന് കനത്ത ചൂടു മൂലം 2 പേര്‍ക്ക് പൊള്ളലേറ്റ് കരുക്കള്‍ ഉണ്ടായി. ഇതില്‍ ഒരാള്‍ 17 വയസ്സുള്ള വിദ്യാത്ഥിയാണ്. ബാക്കി അഞ്ച് പേര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളില്‍ കരുവാളിപ്പും തടിപ്പും ഉണ്ടായിട്ടുണ്ട്. എല്ലാവരും ഒ.പി. ചികില്‍സ തേടി തിരിച്ചു പോയി.

ഇതു വരെ പത്ത് പേര്‍ക്കാണ് പൊള്ളലേറ്റ് കുരുക്കള്‍ ഉണ്ടായിട്ടുള്ളത്. മത്സ്യവില്‍പനക്കാര്‍, കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, പ്രായമായവര്‍, പോലീസുകാര്‍, ജെ.പി.എച്ച്.എന്‍ .എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത് .
പുറം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, പ്രായമായവര്‍, വഴിയോര കച്ചവടക്കാര്‍, എന്നിവര്‍ സൂര്യാതപമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡി.എം.ഒ.നിര്‍ദ്ദേശിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ ജനുവരി മുതല്‍ 22 സ്ഥീരികരിച്ച മഞ്ഞപ്പിത്ത കേസുകളും സംശയാസ പദമായ 266 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ യാതൊരു കാരണവശാലും വഴിയോരങ്ങളില്‍ വില്‍പ്പന നടത്തുന്ന സോഡ ,കുലുക്കി സര്‍ബത്ത്, ശീതളപാനീയങ്ങള്‍ എന്നിവ കുടിക്കരുത്. തുറന്നു വെച്ച പഴങ്ങളും മറ്റ് ആഹാരസാധനങ്ങളും കഴിക്കരുത്. ആഹാര -കുടിവെള്ള ശുചിത്വം കര്‍ശനമായി പാലിക്കണം .ജലജന്യരോഗങ്ങള്‍ വേനല്‍ക്കാലത്ത് കൂടുതലായി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.