ഒളിമ്പിക്‌സ്‌ യോഗ്യത തേടി ഇന്ത്യൻ ഫുട്ബോൾ ടീം മ്യാന്മറിൽ

Posted on: March 27, 2019 12:09 pm | Last updated: March 27, 2019 at 12:12 pm


ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിനുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ഇന്ത്യൻ ടീം മ്യാന്മാറിലെത്തി. ഗ്രൂപ്പ് എയിൽ മ്യാന്മാർ, ഇന്തോനേഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തിൽ കളിക്കുക.

ഇതുവരെ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ രണ്ടാം റൗണ്ട് കടന്നിട്ടില്ല. ഇന്ത്യയുടെ ആദ്യ റൗണ്ട് ഒളിന്പിക്സ് യോഗ്യതാ മത്സരങ്ങളും മ്യാന്മാറിലാണ് നടന്നത്. അന്നും ഗ്രൂപ്പിലുണ്ടായിരുന്ന മ്യാന്മാറിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിൽ പ്രവേശിക്കുകയായിരുന്നു.

മ്യാന്മാറാണ് ഗ്രൂപ്പിലെ കരുത്തരെങ്കിലും നേപ്പാളും ഇന്ത്യക്ക് വെല്ലുവിളിയാകും. സാഫ് കപ്പിൽ നേപ്പാളിനെ തോൽപ്പിച്ച് കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്തോനേഷ്യയെ രണ്ട് മാസം മുന്പ് രണ്ട് തവണ ഇന്ത്യ തോൽപ്പിച്ചിട്ടുണ്ട്. ഏപ്രിൽ മൂന്നിന് ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.