രാഹുലിന്റെ സ്ഥാനാർഥിത്വം വൈകുന്നു; പ്രചാരണത്തിനിറങ്ങാനാകാതെ യു ഡി എഫ്

Posted on: March 27, 2019 10:54 am | Last updated: March 27, 2019 at 10:54 am


നിലമ്പൂർ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് മൂലം പ്രചാരണത്തിനിറങ്ങാനാകാതെ യു ഡി എഫ് നേതൃത്വം വിഷമവൃത്തത്തിൽ. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ യു ഡി എഫ് നേതാക്കളും പ്രവർത്തകരും ദിവസങ്ങളോളമായി കാത്തിരിപ്പിലാണ്.
കോഴിക്കോട്, വയനാട്, മലപ്പുറം ഡി സി സികൾ രാഹുൽ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയവും പാസാക്കി. സംസ്ഥാനത്തെ വടകര, വയനാട് സീറ്റുകളാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. വടകരയിൽ കെ മുരളീധരൻ പ്രചാരണത്തിൽ സജീവമാകുമ്പോഴും വയനാടിൽ യു ഡി എഫ് പ്രവർത്തകർ രാഹുൽ ഗാന്ധിക്കായുള്ള കാത്തിരിപ്പിലാണ്.

വയനാട് സീറ്റിനെ ചൊല്ലി കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ സമ്മർദഫലമായി കോഴിക്കോട് ഡി സി സി പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായ ടി സിദ്ദീഖിന് നറുക്ക് വീഴുകയായിരുന്നു. സിദ്ദീഖ് പ്രചാരണം തുടങ്ങുകയും മണ്ഡലത്തിൽ സിദ്ദീഖിന് വോട്ട് അഭ്യർഥിച്ച് ബോർഡുകളും സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മുക്കത്ത് പ്രചാരണ കൺവെൻഷൻ തുടങ്ങാനിരിക്കെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. ഇതോടെ സിദ്ദീഖ് പിൻമാറി.

രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുമെന്ന വാർത്ത യു ഡി എഫ് കേന്ദ്രങ്ങളെ ആഹ്ലാദ ഭരിതമാക്കി. എന്നാൽ അതിനിടെ രാഹുൽ ആരോടും സമ്മതം പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ ഡൽഹിയിൽ രംഗത്തെത്തി. കോൺഗ്രസും യു ഡി എഫും ഏറെ കൊട്ടിഘോഷിച്ച രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഇതോടെ അനിശ്ചിതത്വത്തിലായി. ദേശീയ തലത്തിൽ ഐക്യപ്പെടേണ്ട ഇടതുപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടുന്നത് അനുചിതമാണെന്ന വിലയിരുത്തലിലാണ് രാഹുലിന്റെ പിൻമാറ്റത്തിന് കാരണമെന്നാണ് സൂചന. ബി ജെ പിയുമായി കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമായ കർണാടകയിൽ രാഹുലിന് വിജയസാധ്യതയുള്ള നിരവധി സീറ്റുകളുണ്ടായിരിക്കെ കേരളത്തിലെ വയനാട് തിരഞ്ഞെടുക്കുന്നത് യു പി എയുടെ ബി ജെ പി വിരുദ്ധ രാഷ്ട്രീയ നയത്തിന് തിരിച്ചടിയാവുമെന്ന സന്ദേശവും പിൻമാറ്റത്തിനിടയാക്കിയിട്ടുണ്ട്. സി പി എം അവൈലബിൾ പി ബിയുടെ നിലപാടുകളും രാഹുലിനെ സ്വാധീനിച്ചതായി സംശയിക്കാം.

തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രതിഫലനം സൃഷ്ടിക്കില്ലന്നും കോൺഗ്രസ് ദേശീയ നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്.
രാഹുൽ ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചാൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകും. സിദ്ദീഖ് വീണ്ടും സ്ഥാനാർഥിയാവേണ്ടിവരും എൽ ഡി എഫ് സ്ഥാനാർഥി സി പി ഐയിലെ പി പി സുനീർ രണ്ടാം ഘട്ട പ്രചരണം നടത്തുകയാണ്. കഴിഞ്ഞ രണ്ട് തവണയും മണ്ഡലം യു ഡി എഫിനെ തുണച്ചെങ്കിലും ഉറച്ച സീറ്റായി കണക്കാക്കാനാകില്ലെന്നാണ് കണക്കുകൾ പറയുന്നത്. 2009ൽ എം ഐ ഷാനവാസ് 1,54,439 വോട്ടുകൾക്ക് വിജയിച്ചുവെങ്കിലും 2014ൽ ഭൂരിപക്ഷം 20,878 ആയി കുറഞ്ഞു.

വയനാട് ലോക സഭ മണ്ഡലത്തിലുൾപ്പെട്ട നിലമ്പൂർ, കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി നിയമസഭ മണ്ഡലങ്ങൾ ഇപ്പോൾ എൽ ഡി എഫിന്റെ പക്കലാണ്. വണ്ടൂരും ഏറനാടും, സുൽത്താൻബത്തേരിയും മാത്രമാണ് യു ഡി എഫിനുള്ളത്. യു ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് ഗുണകരമാകുമെന്നാണ് എൽ ഡി എഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. എൽ ഡി എഫ് സ്ഥാനാർഥി പി പി സുനീർ മണ്ഡലത്തിൽ പ്രചരണ രംഗത്ത് ഏറെ മുന്നിലാണ്. കോൺഗ്രസിന് രാഹുൽ ഗാന്ധിയില്ലെങ്കിൽ എൽ ഡി എഫിനൊപ്പം പ്രചരണ രംഗത്തെത്താൻ ദിവസങ്ങളെടുക്കേണ്ടി വരും. അതേ സമയം എൻ ഡി എക്കും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായിട്ടില്ല.

സീറ്റ് ബി ഡി ജെ എസിനാണ് നൽകിയതെങ്കിലും കേരളാ കോൺഗ്രസ് പി സി തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാനാണ് ധാരണയായിരുന്നത്. രാഹുൽ എത്താനുള്ള സാധ്യത തെളിഞ്ഞതോടെയാണ് എൻ ഡി എയിലും അനിശ്ചിതത്വം ഉടലെടുത്തത്. അതേ സമയം രാഹുൽ എത്തിയാലും ഇല്ലെങ്കിലും 10 വയസ്സ് മാത്രമുള്ള വയനാട് മണ്ഡലം ദേശിയ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്.