അഭയ കൊലക്കേസിന് 27 ആണ്ട്; പ്രതികൾ ഇന്നും സ്വതന്ത്രർ

കോട്ടയം
Posted on: March 27, 2019 10:30 am | Last updated: March 27, 2019 at 1:17 pm

കേരളക്കരയെ ഞെട്ടിച്ച സിസ്റ്റർ അഭയയുടെ ദുരൂഹ മരണം നടന്നിട്ട് ഇന്ന് 27 വർഷം പൂർത്തിയാകുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അഭയ കേസ് പ്രതികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്.

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്. 16 വർഷം നീണ്ട അന്വേഷണത്തിന് ശേഷം 2008 നവംബർ 18 ന് ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. 49 ദിവസം ജയിലിൽ കിടന്നതിന് ശേഷം മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകി. 2009 ജൂലൈ 17ന് ഈ മൂന്ന് പ്രതികൾക്കെതിരെയും സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സിബിഐ കോടതിയിൽ പ്രതികൾ നൽകിയ ഹരജി 9 വർഷത്തിന് ശേഷം 2018 മാർച്ച് 7 നാണ് തീർപ്പാക്കിയത്.
ഒന്നാം പ്രതി തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരുടെ ഹർജികൾ തള്ളിക്കൊണ്ട് വിചാരണ നേരിടാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി യും സി ബി ഐ കോടതി ഉത്തരവിനെതിരെയും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെയും ജോമോൻ പുത്തൻപുരക്കലും ഹൈക്കോടതിയിൽ അപ്പീലുകൾ നൽകിയിരുന്നു. ഈ മൂന്ന് അപ്പീൽ ഹരജികളും ഹൈക്കോടതി ഒരുമിച്ച് മാസങ്ങളോളം വാദം കേട്ടതിന് ശേഷം ജസ്റ്റിസ് സുനിൽ തോമസിന്റെ സിംഗിൾ ബഞ്ച് 2018 സെപ്തംബർ 13 ന് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
എന്നാൽ വാദം പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും ഹൈക്കോടതി കേസിൽ വിധി പറഞ്ഞിട്ടില്ല. കൂടാതെ അഭയ കേസിൽ തെളിവ് നശിപ്പിച്ചതിന്റെയും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ് പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സി ബി ഐ കോടതി 2018 ജനുവരി 22 ന് ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിനെതിരെ പ്രതി മൈക്കിൾ നൽകിയ അപ്പീൽ 2018 ജൂൺ 7 ന് ഹൈക്കോടതി വാദം പൂർത്തിയാക്കിയതിന് ശേഷം ജസ്റ്റിസ് സുനിൽ തോമസ് വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്.
രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സി ബി ഐ 2019 ഫെബ്രുവരി 19 ന് അപ്പീൽ നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന് 27 വർഷം പൂർത്തിയാകുമ്പോഴും സിസ്റ്റർ അഭയക്ക് നീതി ലഭിച്ചിട്ടില്ല.

മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്റെ നേതൃത്വത്തിൽ ഈ കേസിലെ ദുരൂഹതകൾ മറനീക്കാനുള്ള നിയമ പോരാട്ടം തുടർന്നു കൊണ്ടിരിക്കുകയാണ്.