ആരോഗ്യമേഖലക്ക് പ്രതീക്ഷയേകി ക്യാൻസറിന് മരുന്ന്

Posted on: March 27, 2019 10:22 am | Last updated: March 27, 2019 at 10:22 am

തിരുവനന്തപുരം: ക്യാൻസറിന് മരുന്ന് കണ്ടെത്താനുള്ള ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകരുടെ ശ്രമങ്ങൾ പ്രാഥമിക വിജയത്തിലേക്ക്. ഞരമ്പിൽ നേരിട്ടു കുത്തിവെക്കാവുന്ന മരുന്ന് എലികൾ ഉൾപ്പെടെ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചു. കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്കു കൈമാറി.

വിജയകരമായാൽ മൂന്ന് വർഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഗവേഷണത്തിൽ പങ്കാളികളായ ഡോക്ടർമാരുടെ ശ്രമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും അഭിനന്ദിച്ചു. ക്യാൻസർ ഫലവത്താകുന്നു എന്നത് ലോകം ആശ്വാസ ത്തോടെയാണു കാണുന്നത്. വേദനയനുഭവിക്കുന്ന കോടിക്കണക്കിന് ആളുകൾക്കുള്ള സാന്ത്വനത്തിന്റെ കണ്ടെത്തൽ കേരളത്തിൽ നിന്നായി എന്നത് സംസ്ഥാനത്തിനും ഇവിടുത്തെ ജനതക്കും രാഷ്ട്രത്തിനൊക്കെ ത്തന്നെയും അഭിമാനിക്കാൻ വകതരുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേരളത്തിലെ ശാസ്ത്രപ്രതിഭകൾ അന്താരാഷ്ട്രതലത്തിൽത്തന്നെ ഒന്നാംനിരയിൽ നിൽക്കുന്നവരാണെന്നത് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിൽ ഡോ. രഞ്ജിത് പി നായർ, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. മെജോ സി കോര, ഡോ.ഹരികൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്. കഴിവിലും വൈദഗ്ധ്യത്തിലും മികവിലും ആർക്കും പിന്നിലല്ലാത്ത വിധം പ്രതിഭ തെളിയിച്ച ഇവരെ എത്രയേറെ അഭിനന്ദിച്ചാലും മതിയാവില്ല.
മനുഷ്യത്വവും പ്രതിഭയും സമന്വയിച്ചതിന്റെ ഫലമാണ് ഈ കണ്ടുപിടിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീ ചിത്ര ഡയറക്ടർ ഡോ. ആശ കിഷോറിനെ വിളിച്ചാണ് ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. ക്യാൻസർ രോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റത്തിനാണ് കേരളം തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ലോകത്ത് വർധിച്ചു വരുന്ന വലിയൊരു ആരോഗ്യ പ്രശ്‌നത്തിന് നാട്ടിലെ ശാസ്ത്രജ്ഞർ തന്നെ മരുന്ന് കണ്ടെത്തിയത് അഭിമാനകരമാണ്. ഇതിലൂടെ വളരെ വിലകുറഞ്ഞ രീതിയിൽ ക്യാൻസർ മരുന്ന് വിപണിയിലെത്തിക്കാൻ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണയായി കാണപ്പെടുന്ന ഒരു സസ്യത്തിൽ നിന്ന് വേർതിരിച്ച ഏക തന്മാത്രാ പദാർഥവും രക്തത്തിലെ ആൽബുമിൻ എന്ന പ്രോട്ടീനും ചേർത്താണു ശ്രീചിത്രയിലെ ഗവേഷകർ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള മരുന്ന് കണ്ടെത്തിയത്. ഇത് ലോകത്തു തന്നെ ആദ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. അർബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാർഥങ്ങൾ ചില സസ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തിൽ ലയിക്കാത്തതിനാൽ കുത്തിവെപ്പിലൂടെ ശരീരത്തിലേക്കു നേരിട്ടു കടത്തിവിടാനാവില്ല.

ശ്രീചിത്രയിലെ ഗവേഷകർ സസ്യപദാർഥത്തിലെ പ്രോട്ടീനും ആൽബുമിനുമായി സംയോജിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളിൽ കൂടി കുത്തിവെക്കാം. എസ്‌ സി ടി എസി 2010 എന്നാണ് മരുന്നിനു പേര് നൽകിയിരിക്കുന്നത്. സസ്യമേതെന്ന് ഈ ഘട്ടത്തിൽ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തി മാത്രമേ ഏതൊക്കെ തരം അർബുദങ്ങൾക്കു മരുന്നു ഫലപ്രദമാകുമെന്നു കണ്ടെത്താനാകു. മൂന്നോ നാലോ പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞാൽ മാത്രമേ ഡ്രഗ് കൺട്രോളർ ജനറലിന്റെ ഉൾപ്പെടെയുള്ള അംഗീകാരം ലഭിക്കു. ശ്രീചിത്രയിലെ ഗവേഷകരും മെഡിക്കൽ റിസർച്ച് കൗൺസിലും ചേർന്ന് കണ്ടുപിടിത്തത്തിനു പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.