Connect with us

National

ന്യായ് പദ്ധതിയെ വിമര്‍ശിച്ചു; നീതി ആയോഗ് ഉപാധ്യക്ഷന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: അധികാരം ലഭിച്ചാല്‍ പാവപ്പെട്ടവര്‍ക്ക്
പ്രതിവര്‍ഷം 72000 രൂപ ബേങ്ക് അക്കൗണ്ട് വഴി നല്‍കുന്ന ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷന് തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ് വാഗ്ദാനം രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം തകര്‍ക്കുന്നതാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ ആരോപിച്ചിരുന്നു.

1971ല്‍ ഗരീബി ഹഠാവോ, 2008ല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, 2013ല്‍ ഭക്ഷ്യ സുരക്ഷാ ബില്‍ എന്നിവ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവയൊന്നും പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും രാജീവ് കുമാര്‍ ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ പറഞ്ഞു.

നീതി ആയോഗ് ഉപാധ്യക്ഷന്‍ നടത്തിയ ഇത്തരം പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നത്. ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംവിധാനങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സ്ഥാനാര്‍ഥികള്‍ക്കോ പിന്തുണ നല്‍കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

വിഷയത്തില്‍ രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് രാജീവ് കുമാറിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Latest