അജിത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല; പ്രത്യേക അന്വേഷണം വേണമെന്ന ഹരജി തള്ളണമെന്ന് സിബിഐ

Posted on: March 26, 2019 8:43 pm | Last updated: March 26, 2019 at 11:43 pm

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയോ സിബിഐ മുന്‍ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടേയൊ ഫോണുകള്‍ ഒരിക്കലും ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍. ഫോണ്‍ ചോര്‍ത്തലിനെപ്പറ്റി അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ സാര്‍ഥക് ചതുര്‍വേദിയാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. ചില ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തി ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ളവ നടത്തുന്നുവെന്നായിരുന്നു ഹരജിയിലെ ആരോപണം. ഒരു ഫോണും അനധിക്യതമായി ചോര്‍ത്തിയിട്ടില്ലെന്നും ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ളവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി തള്ളണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.