ജസീന്ത ആർഡേന് നൊബേൽ സമാധാന സമ്മാനം നൽകണമെന്ന് ആവശ്യം

    Posted on: March 26, 2019 12:00 pm | Last updated: March 26, 2019 at 12:00 pm

    വെല്ലിങ്ടൻ: ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തോട് പതറാതെ പ്രതികരിച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേന് നൊബേൽ സമാധാന സമ്മാനം നൽകണമെന്ന് ആവശ്യമുയരുന്നു. ജസീന്തക്കു നൊബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് സമർപ്പിക്കപ്പെട്ടത്. നൊബേൽ സമ്മാനം നൽകുന്ന നോർവിജീയൻ കമ്മിറ്റിക്ക് സമർപ്പിക്കുന്ന ഫ്രഞ്ച് ഹരജിയാണ് ഇവയിലൊന്ന്. ഇതിൽ 18,000ത്തിലേറെ പേർ ഇതിനകം ഒപ്പുവച്ചു കഴിഞ്ഞു. മറ്റൊരു ഹരജി അമേരിക്കയിൽ നിന്നാണ്. ഇതിൽ 15000ലേറെ പേർ ഒപ്പ് വെച്ചിട്ടുണ്ട്.

    പള്ളിയിൽ നിസ്‌കരിക്കാനെത്തിയ 50 പേരുടെ മരണത്തിനിടയാക്കിയ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തെ തുടർന്ന് ജസീന്ത കൈക്കൊണ്ട പക്വവും സമാധാനപരവും ഇരകളുടെ വിശ്വാസം ആർജിക്കുവാൻ ഇടയാക്കുന്നതുമായ സമീപനം ലോകം മുഴുക്കെ പ്രശംസിക്കപ്പെട്ടിരുന്നു. മുസ്‌ലിം കുടുംബങ്ങളെ സമാശ്വസിപ്പിക്കാൻ അവരെ ചേർത്തു പിടിക്കുകയും വേഷത്തിൽ പോലും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്ത ജസീന്ത ഭീകരവാദികളെ തള്ളിപ്പറയുകയും തോക്കുനിയമം ഭേദഗതി ചെയ്യുകയും വഴി ലോകത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുകയുണ്ടായി.
    അതേസമയം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരവായി ന്യൂസിലാൻഡ് 29ന് ദേശീയ ഓർമ ദിനം ആചരിക്കും.