ഓട്ടോയിൽ വോട്ട് തേടി തരൂർ

Posted on: March 26, 2019 11:39 am | Last updated: March 26, 2019 at 11:39 am
“ഓട്ടോക്കൂട്ടം തരൂരിനൊപ്പം’ പ്രചാരണപരിപാടിയിൽ നിന്ന്

തിരുവനന്തപുരം: തനിക്കു വേണ്ടി യാത്രക്കാരോട് വോട്ട് പിടിക്കണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരോട് ശശിതരൂർ. ഞങ്ങളേറ്റു എന്ന് ഓട്ടോറിക്ഷ ചേട്ടൻമാർ. തലസ്ഥാനത്തെ യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിന്റേതാണ് ഈ വേറിട്ട വോട്ടു പിടുത്തം. “ഓട്ടോക്കൂട്ടം തരൂരിനൊപ്പം’ പ്രചാരണ പരിപാടിക്ക് ഇന്നലെ മാനവീയം വീഥിയിൽ തുടക്കമായി.
ഇന്നലെ വൈകുന്നേരം പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷയുമായെത്തിയ മുന്നോറോളം ഓട്ടോ തൊഴിലാളികളുമായി തരൂർ സംവദിച്ചു.

ഓട്ടോയിൽ കയറി തരൂർ സഞ്ചരിക്കുകയും ജനങ്ങളോട് വോട്ട് അഭ്യർഥിക്കുകയും ചെയ്തു. ഇന്ധനവിലക്കയറ്റവും നികുതികളും ഏർപ്പെടുത്തി കേന്ദ്ര സർക്കാർ തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു പി എ അധികാരത്തിലെത്തിയാൽ ഇതിന് പരിഹാരമുണ്ടാകുമെന്ന് തരൂർ കൂട്ടിച്ചേർത്തു.

ഐ എൻ ടി യു സി അഖിലേന്ത്യാ സെക്രട്ടറി പാലോട് രവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ അധ്യക്ഷനായിരുന്നു. നേതാക്കളായ പുത്തൻപള്ളി നിസാറുദ്ദീൻ, വെട്ടുറോഡ് സലാം, എ എസ് ചന്ദ്രപ്രകാശ്, വി ലാലു, തമ്പാനൂർ ജയൻ, അനിൽകുമാർ, സുനിമോൾ, ആർ എസ് വിമൽകുമാർ, കുന്നുകുഴി വർഗീസ്, ഹാജാ നിസാമുദ്ദീൻ, ഒ എച്ച് രാജീവ് കുമാർ, സി മുത്തുസ്വാമി പങ്കെടുത്തു.