Connect with us

Ongoing News

ജമാഅത്ത് പിന്തുണ തിരിച്ചടിക്കുമെന്ന് വിമർശം, കരുതലോടെ നീങ്ങാൻ യു ഡി എഫ്

Published

|

Last Updated

ആലപ്പുഴ യു ഡി എഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫയർ പാർട്ടിയുടെ പരസ്യപിന്തുണ തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചേക്കുമെന്ന് യു ഡി എഫിന് ആശങ്ക.

സമൂഹ മാധ്യമങ്ങളിൽ ഇത് സജീവ ചർച്ചയായതോടെ കരുതലോടെ നീങ്ങാനാണ് യു ഡി എഫ് തീരുമാനം. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുകയാണെങ്കിൽ അത് ജമാഅത്തെ ഇസ്‌ലാമിയുടെ യുടെ കൂടി പിന്തുണയോടെയാകുമെന്നും ഇതര സംസ്ഥാനങ്ങളിൽ ഇത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ മുന്നറിയിപ്പ് നൽകി. ദേശീയതലത്തിൽ ഇടതുപാർട്ടികൾ നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ചിത്രങ്ങളുമായി യു ഡി എഫിന് പിന്തുണ തേടി വെൽഫെയർ പാർട്ടി പോസ്റ്റർ പ്രചാരണം നടത്തുന്നതും വിമർശത്തിന് ഇടയാക്കിയിട്ടുണ്ട്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം കശ്മീർ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽഗാന്ധിക്കുള്ള മന്ത്രി കെ ടി ജലീലിന്റെ തുറന്ന കത്ത്. പൈശചികമായ പുൽവാമ ഭീകരാക്രമണത്തിന് ശേഷം റെയ്ഡ് ചെയ്യപ്പെട്ട ഒരേയൊരു മത സംഘടനാ ഓഫീസ് കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുടെതാണ്. ഈ സംഘടനയുടെ പേരിലുള്ള കശ്മീർ എന്ന പദം ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ട മുഖം വ്യഞ്ജിപ്പിക്കുന്നണ്ട്. അവരുടെ യഥാർഥ മുഖം കശ്മീരൊഴികെയുള്ള ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ മറച്ചു പിടിച്ചിരിക്കുകയാണെന്ന ആരോപണം കാലങ്ങളായി നിലനിൽക്കുന്നു. ഇത്തരമൊരാക്ഷേപം നിലനിൽക്കെ കേരളത്തിൽ അവരുടെ പിന്തുണയോടെ രാഹുൽഗാന്ധി മത്സരിക്കുന്നത് രാഷ്ട്രത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

സി പി എം നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടന്ന കർഷക പ്രക്ഷോഭത്തിന്റെ ചിത്രങ്ങളാണ് യു ഡി എഫിന് വോട്ട് തേടിയുള്ള പോസ്റ്ററിൽ വെൽഫെയർ പാർട്ടി ഉപയോഗിച്ചത്. ഗൗരിലങ്കേഷ്, കൽബുർഗി, പൻസാരെ തുടങ്ങിയവരുടെ ചിത്രങ്ങളും മഹാരാഷ്ട്രയിലെ സമരത്തിൽ പങ്കെടുത്ത് കാൽപാദം പൊട്ടിയ കർഷകന്റെ ചിത്രവുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം രൂക്ഷമായ വിമർശം ഉയർന്നു. വെൽഫയർപാർട്ടിയുടെ ഈ നടപടിയിൽ കോൺഗ്രസ് പ്രവർത്തകർക്കും അമർഷമുണ്ട്.