സൈബർ പോരാട്ടം തകൃതി; സാമൂഹിക മാധ്യമങ്ങളാണ് താരം…

കൊച്ചി
Posted on: March 26, 2019 11:04 am | Last updated: March 26, 2019 at 11:04 am

കൊച്ചി: പരമ്പരാഗത രീതിയിലുള്ള പ്രചാരണങ്ങളിൽ മാത്രം ഒതുങ്ങില്ല ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന തിരക്കിലാണ് മുന്നണികളെല്ലാം. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചെല്ലാം സമ്മതിദായകരെ വശത്താക്കുകയാണ് രാഷ്ട്രീയ നേതൃത്വം. സി പി എം, സി പി ഐ, കോൺഗ്രസ്, മുസ്‌ലിം ലീഗ്, ബി ജെ പി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം സൈബർ പോരാളികളെ ഇറക്കി നവ മാധ്യമ രംഗം കീഴടക്കി കഴിഞ്ഞു.

ഫ്ളക്‌സ് ബോർഡുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതും മതിലുകളെല്ലാം ചുവരെഴുത്തിനാൽ നിറഞ്ഞതുമാണ് പ്രചാരണത്തിന് താരതമ്യേന ചെലവ് കുറഞ്ഞ നവ മാധ്യമങ്ങളെ ആശ്രയിക്കാൻ രാഷ്ട്രീയ പാർട്ടികൾ തീരുമാനിച്ചത്. സൈബർ രംഗത്ത് ഇടപെടുന്നതിന് കെ പി സി സി സംസ്ഥാനതലത്തിൽ ചുമതല നൽകിയിരിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കാണ്. കഴിഞ്ഞ മാസം അനിൽ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ സൈബർ പോരാളികൾ കൊച്ചിയിൽ യോഗം ചേർന്നിരുന്നു. കെ പി സി സി. ഐ ടി സെൽ രൂപവത്കരിച്ചാണ് സൈബർ മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. സൈബർ പോരാളികളെ നയിക്കുന്നതിന് ലോക്‌സഭാ മണ്ഡലം തലങ്ങളിലും ജില്ലാ തലങ്ങളിലും കോ ഓർഡിനേറ്റർമാരെയും കെ പി സി സി നിയോഗിച്ചിട്ടുണ്ട്.

ഇടത്- വലത് മുന്നണികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് പാർട്ടികളും ഫേസ്ബുക്കിൽ നിരവധി ഗ്രൂപ്പുകളാണ് അടുത്തിടെയായി ആരംഭിച്ചിട്ടുള്ളത്. സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള പോരാളി ഷാജി ഫേസ്ബുക്ക് ഗ്രൂപ്പും ഇതിന് ബദലായി കോൺഗ്രസ് ആരംഭിച്ച പോരാളി വാസുവും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സജീവമായിട്ടുണ്ട്. പോരാളി ഷാജിയെന്ന പേരിൽ തന്നെ അര ഡസനോളം ഗ്രൂപ്പുകൾ സി പി എം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ട്. പോരാളി വാസുവെന്ന പേരിൽ തന്നെ മറ്റൊരു ഫേസ്ബുക്ക് പേജ് ആരംഭിച്ചും പ്രതിയോഗികളെ വാക്കുകൾ കൊണ്ട് തകർക്കുകയാണ് സി പി എം സൈബർ പോരാളികൾ.
ട്രോളുകൾ വഴിയാണ് സാധാരണ ജനങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്. ചെറിയ വാക്കുകളുടെയും ചിത്രങ്ങളുടെയും സഹായത്തോടെ ദേശീയതല പ്രശ്‌നങ്ങൾ മുതൽ മണ്ഡലത്തിലെ ചെറിയ കാര്യങ്ങൾ വരെ ട്രോളന്മാർ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും വാഴ്ത്തിപ്പറയാനും ട്രോളുകളാണ് ശരണം. എതിർ പാർട്ടികളെയും അവരുടെ സ്ഥാനാർഥികളെയും പരിഹസിക്കുന്നതും തുറന്നുകാട്ടുന്നതുമായ ട്രോളുകളാണ് കൂടുതലായി പ്രചരിക്കുന്നത്.

കുടുംബത്തിലെ ഒരാളുടെയെങ്കിലും മൊബൈൽ നമ്പർ സംഘടിപ്പിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കി പ്രചാരണം അടിത്തട്ടിലേക്ക് വ്യാപിപ്പിക്കാനും സൈബർ വിംഗുകൾ അക്ഷീണം പ്രയത്‌നത്തിലാണ്. ഇത്തരം ഗ്രൂപ്പുകളിൽ നാട്ടുവിശേഷങ്ങൾ മുതൽ മണ്ഡലത്തിലെ വികസന കാര്യങ്ങൾ വരെ പ്രതിപാദിക്കുന്നുണ്ട്. മാധ്യമ പ്രവർത്തകർ, വിദ്യാർഥികൾ, വനിതകൾ, തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പ്രത്യേകം വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് പ്രവർത്തിക്കുന്നത്. നാട്ടിലെ തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും തിരിച്ചറിഞ്ഞ് പ്രവാസികളും നിരവധി പേജുകളും ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. പ്രചാരണ പരിപാടികൾ തത്്സമയം പുറത്തുവിട്ട് സ്ഥാനാർഥികളുടെ പേരിലുള്ള ഫേസ്ബുക്ക് പേജുകളും ജനശ്രദ്ധനേടിക്കഴിഞ്ഞു. ഇതെല്ലാം അധികൃതരുടെ നിരീക്ഷണത്തിലാണെങ്കിലും ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ അഡ്മിനെ കുറിച്ചുള്ള വിവരങ്ങൾ പോലും പലപ്പോഴും ലഭിക്കാറില്ല. സ്വന്തം പാർട്ടിയിലെ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി രഹസ്യ ഗ്രൂപ്പുകളും വ്യാപകമായിട്ടുണ്ട്. ഇതിൽ എതിർ പാർട്ടികളുടെ പ്രവർത്തകർ നുഴഞ്ഞുകയറി രഹസ്യങ്ങൾ ചോർത്തുന്നത് സൈബർ രംഗത്തുള്ളവർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
എല്ലാ സ്ഥാനാർഥികൾക്കും സാമൂഹിക മാധ്യമങ്ങൾ ഉൾപെടെയുള്ള പ്രചാരണങ്ങൾക്കായി പ്രത്യേക പബ്ലിക് റിലേഷൻ വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഗാനങ്ങൾ, പ്രചാരണ വീഡിയോകൾ, പാരഡിഗാനങ്ങൾ എന്നിവക്ക് പുറമെ ടിക്ക് ടോക്ക് വീഡിയോകളും നവ മാധ്യങ്ങളിലൂടെ പുറംലോകത്തെത്തിക്കൊണ്ടിരിക്കുകയാണ്. സി പി എമ്മാണ് നവ മാധ്യമങ്ങളിൽ വളരെയേറെ മുന്നേറിയിരിക്കുന്നത്. തൊട്ടുപിന്നാലെ കോൺഗ്രസ് സൈബർ പോരാളികളുമുണ്ട്. ബി ജെ പി ഈ രംഗത്ത് നിലവിൽ വളരെ പിന്നിലാണ്.

 

പി പി ജഅ്ഫർ അബ്ദുർറഹീം
കൊച്ചി