Articles
ലോക്പാല്‍ അധികാരങ്ങളും ചുമതലകളും

ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ ഇന്ത്യയുടെ ആദ്യത്തെ ലോകായുക്തയായി നിയമിച്ചത് മാര്‍ച്ച് 19നാണ്. ലോക്പാല്‍/ലോകായുക്ത നിയമം 2013ല്‍ പാര്‍ലിമെന്റ് പാസ്സാക്കി അഞ്ച് വര്‍ഷം കഴിഞ്ഞ ശേഷമാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇപ്പോള്‍ ലോക്പാല്‍ ചെയര്‍മാനെയും എട്ട് അംഗങ്ങളെയും നിയമിച്ചിരിക്കുന്നു. പൊതുസേവകര്‍ക്കെതിരായ അഴിമതിയാരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രൂപവത്കൃതമായ ലോക്പാലിന്റെ പ്രവര്‍ത്തനം, ചുമതലകള്‍, അധികാരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് സംസാരിക്കുന്നു.
കെ വെങ്കിട്ടരാമന്‍: ലോക്പാല്‍ നിയമത്തില്‍ ഉള്‍പ്പെടുന്ന പൊതുപ്രവര്‍ത്തകര്‍ ആരെല്ലാമാണ്?
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്: പ്രധാനമന്ത്രിക്കോ കേന്ദ്ര മന്ത്രിമാര്‍ക്കോ പാര്‍ലിമെന്റ് അംഗത്തിനോ കേന്ദ്ര സര്‍ക്കാറിന്റെ എ, ബി, സി, ഡി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കോ എതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ലോക്പാലിന് അധികാരമുണ്ട്. പാര്‍ലിമെന്റ് നിയമം കൊണ്ട് സ്ഥാപിക്കപ്പെട്ടതോ കേന്ദ്രം പൂര്‍ണമായോ ഭാഗികമായോ ഫണ്ട് നല്‍കുന്നതോ ആയ ബോര്‍ഡ്, കോര്‍പറേഷന്‍, സൊസൈറ്റി, സ്വയം ഭരണാധികാരമുള്ള സമിതി എന്നിവയുടെ ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഡയറക്ടമാര്‍ എന്നിവരും നിയമത്തിന്റെ പരിധിയില്‍ വരുന്നു. കൂടാതെ പത്ത് ലക്ഷത്തിന് മുകളില്‍ വിദേശ സംഭാവന സ്വീകരിക്കുന്ന ഏത് സൊസൈറ്റിക്കും ട്രസ്റ്റിനും സംഘടനക്കും നിയമം ബാധകമാണ്.
കെ വെങ്കിട്ടരാമന്‍: പ്രധാനമന്ത്രിക്ക് എതിരെ ആരോപണം ഉയരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക?
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്: പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണം, അന്താരാഷ്ട്ര ബന്ധങ്ങള്‍, ബാഹ്യ ആഭ്യന്തര സുരക്ഷ, പൊതുചട്ടം, ആണവോര്‍ജം, ബഹിരാകാശം എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ അധ്യക്ഷനും അംഗങ്ങളും ഉള്‍പ്പെടുന്ന ലോക്പാല്‍ ഫുള്‍ബഞ്ച് പരിഗണിക്കുകയും മൂന്നില്‍ രണ്ടംഗങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നത് വരെ അന്വേഷണം സാധ്യമാകില്ല. ഇതുസംബന്ധിച്ച വാദങ്ങള്‍ രഹസ്യമായിട്ടാകും നടത്തപ്പെടുക. പരാതി തള്ളുന്നുവെങ്കില്‍ അതുസംബന്ധിച്ച രേഖകള്‍ പരസ്യപ്പെടുത്താനോ ആര്‍ക്കെങ്കിലും ലഭ്യമാക്കാനോ പാടില്ല.
കെ വെങ്കിട്ടരാമന്‍: എങ്ങനെ പരാതി നല്‍കാം? അടുത്ത നടപടി എന്തായിരിക്കും?
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്: ലോക്പാല്‍ നിയമപ്രകാരം നിര്‍ദിഷ്ട ഫോമിലായിരിക്കണം പരാതികള്‍ സമര്‍പ്പിക്കേണ്ടത്. അത് പൊതുസേവകര്‍ക്കെതിരായ അഴിമതി തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ടതായിരിക്കുകയും വേണം. ആര് പരാതിപ്പെടണം എന്നത് സംബന്ധിച്ച് നിയന്ത്രണങ്ങളൊന്നുമില്ല. പരാതി ലഭിച്ചാല്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ലോക്പാലിന് അതിന്റെ അന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കാം. അല്ലെങ്കില്‍ അന്വേഷണം സി ബി ഐ അടക്കമുള്ള ഏത് ഏജന്‍സികള്‍ക്കും കൈമാറാം. അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പ് പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് പൊതുസേവകരില്‍ നിന്ന് ലോക്പാലിന് വിശദീകരണം തേടാം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ പരാതികള്‍ ലോക്പാലിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്(സി വി സി) കൈമാറാം. എ, ബി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സി വി സി ലോക്പാലിന് അയക്കും. സി, ഡി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സി വി സി നിയമപ്രകാരമായിരിക്കും നടപടി സ്വീകരിക്കുക.
കെ വെങ്കിട്ടരാമന്‍: പ്രാഥമിക അന്വേഷണത്തിന്റെ നടപടിക്രമം എന്താണ്?
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്: അന്വേഷണ വിഭാഗമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോര്‍ട്ട് ലോക്പാലിന് സമര്‍പ്പിക്കേണ്ടതുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ്, അന്വേഷണ സമിതി പൊതുസേവകരില്‍ നിന്നും ബന്ധപ്പെട്ട അധികാര കേന്ദ്രത്തില്‍ നിന്നും വിശദീകരണം തേടേണ്ടതാണ്. പൊതുസേവകന്റെ ഓരോ വിഭാഗത്തിനും ബന്ധപ്പെട്ട അധികാര കേന്ദ്രമുണ്ടായിരിക്കും. ഉദാഹരണത്തിന് പ്രധാനമന്ത്രിക്ക് ലോക്‌സഭയും മറ്റ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട മന്ത്രിയുമായിരിക്കും അധികാര കേന്ദ്രം.
മൂന്നംഗങ്ങളില്‍ കുറയാത്തവരടങ്ങുന്ന ഒരു ലോക്പാല്‍ ബഞ്ചായിരിക്കും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുക. പൊതുസേവകര്‍ക്ക് അവസരം നല്‍കിയ ശേഷം അന്വേഷണവുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം. സമ്പൂര്‍ണ അന്വേഷണത്തിനോ വകുപ്പുതല നടപടിക്കോ നടപടി അവസാനിപ്പിക്കുന്നതിനോ ബഞ്ചിന് ഉത്തരവിടാനാകും. ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പരാതിക്കാരനെതിരെ നടപടിയെടുക്കാനുമാകും. സാധാരണ ഗതിയില്‍ പരാതി ലഭിച്ച് 90 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കണം.
കെ വെങ്കിട്ടരാമന്‍: അന്വേഷണത്തിന് ശേഷം എന്താണ് സംഭവിക്കുക?
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്: അന്വേഷണത്തിന് ഉത്തരവിട്ട ഏജന്‍സി ഉചിതമായ അധികാരമുള്ള കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലോക്പാലിനും സമര്‍പ്പിക്കണം. ചുരുങ്ങിയത് മൂന്നംഗങ്ങളുള്ള ഒരു ബഞ്ച് ഈ റിപ്പോര്‍ട്ട് പരിഗണിക്കുകയും ഏജന്‍സിയുടെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസേവകര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാന്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് അനുമതി നല്‍കുകയും ചെയ്യാം. വകുപ്പുതല നടപടി സ്വീകരിക്കാന്‍ ബഞ്ചിന് ബന്ധപ്പെട്ട അധികാര കേന്ദ്രത്തോട് ആവശ്യപ്പെടുകയോ റിപ്പോര്‍ട്ടില്‍ നടപടി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യാം. ക്രിമിനല്‍ നടപടി ചട്ടത്തിലെ 197ാം വകുപ്പും അഴിമതി തടയല്‍ നിയമത്തിലെ 19ാം വകുപ്പും പ്രകാരം നേരത്തെ ഇത് ബന്ധപ്പെട്ട അധികാര കേന്ദ്രത്തില്‍ നിക്ഷിപ്തമായിരുന്നു. ഇനി ഈ അധികാരം ലോക്പാലായിരിക്കും നടപ്പാക്കുക. ഏത് കേസിലും അന്വേഷണാനുമതി നല്‍കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിന്റെയും പൊതുപ്രവര്‍ത്തകന്റെയും വിശദീകരണങ്ങള്‍ ലോക്പാലിന് തേടേണ്ടിവരും.
കെ വെങ്കിട്ടരാമന്‍: ലോക്പാലിന്റെ ഭാരവാഹികള്‍ ആരാണ്?
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്: ലോക്പാലിന് ഒരു സെക്രട്ടറി ഉണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളില്‍ നിന്ന് ലോക്പാല്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കും അദ്ദേഹത്തെ നിയമിക്കുക. ഭാരത സര്‍ക്കാറിന്റെ സെക്രട്ടറി റാങ്കില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനായിരിക്കും സെക്രട്ടറി. ഒരു ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ വിഭാഗത്തെ ലോക്പാലിന് നിയമിക്കേണ്ടിവരും. ഒരു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ നേതൃത്വം നല്‍കുന്ന പ്രോസിക്യൂഷന്‍ വിഭാഗത്തെയും നിയമിക്കേണ്ടതുണ്ട്. ഈ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുവരെ പ്രാഥമികാന്വേഷണം നടത്തുന്നതിനും പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകുന്നതിനും സര്‍ക്കാറിന് മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ലഭ്യമാക്കേണ്ടിവരും. മറ്റ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സ്ഥാപനത്തിനും നിയമിക്കേണ്ടിവരും.
കെ വെങ്കിട്ടരാമന്‍: സ്വത്തുക്കള്‍ വെളിപ്പെടുത്തുന്നതിന് ഏതെങ്കിലും ചട്ടമുണ്ടോ?
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്: ഉണ്ട്. പൊതുപ്രവര്‍ത്തകര്‍ നിര്‍ദിഷ്ട ഫോറത്തില്‍ തങ്ങളുടെ ആസ്തികളും ബാധ്യതകളും വെളിപ്പെടുത്തണം. കൈവശമുള്ള സ്വത്തുക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നോ അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് അവ ഹാജരാക്കിയതെന്നോ കണ്ടെത്തിയാല്‍ അഴിമതി വഴിയാണ് അവ സമ്പാദിച്ചതെന്ന നിഗമനത്തിലേക്ക് നയിച്ചേക്കാം. സംസ്ഥാന സര്‍ക്കാറുകളുടെ പരിധിയില്‍ വരുന്ന പൊതു സേവകര്‍ക്കെതിരായ ആരോപണങ്ങള്‍ കൈകാര്യം ചെയ്യാന്‍ അതാത് സര്‍ക്കാറുകള്‍ ലോകായുക്തകള്‍ സ്ഥാപിക്കേണ്ടതുണ്ട്.
ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്/
കെ വെങ്കിട്ടരാമന്‍
(കടപ്പാട്: ദി ഹിന്ദു)
പരിഭാഷ: കുന്നത്തൂര്‍ രാധാകൃഷ്ണന്‍
radhakrishnanrk553@gmail.com.
അംഗങ്ങള്‍ |
---|
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ലോക്പാല്‍ അധ്യക്ഷനായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ വെച്ച് പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലോക്പാലിലെ ജുഡീഷ്യല്‍ അംഗങ്ങളായി വിവിധ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരായിരുന്ന ദിലീപ് ബി ഭോസലെ, പ്രദീപ് കുമാര്‍ മൊഹന്തി, അഭിലാഷ കുമാരി എന്നിവരും ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ്കുമാര്‍ ത്രിപാഠിയും നിയമിതരായി. അര്‍ച്ചന രാമസുന്ദരം, ദിനേഷ് കുമാര്‍ ജെയിന്‍, മഹേന്ദര്‍ സിംഗ്, ഇന്ദ്രജിത് പ്രസാദ് ഗൗതം എന്നിവരാണ് നോണ്‍ ജുഡീഷ്യല്‍ അംഗങ്ങള്‍. |