ജൂലാന്‍ കുന്നുകളുടെ അവകാശം

Posted on: March 25, 2019 3:55 pm | Last updated: March 25, 2019 at 3:55 pm

ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച ഇസ്‌റാഈല്‍ നിലപാടിനു അംഗീകാരം നല്‍കിയതിന് പിന്നാലെ ജൂലാന്‍ കുന്നുകളില്‍ ഇസ്‌റാഈലിന്റെ പരമാധികാരം അംഗീകരിക്കാനും തീരുമാനിച്ചിരിക്കയാണ് യു എസ് പ്രസിഡന്റ് ട്രംപ്. ഇസ്‌റാഈലിന്റെ സുരക്ഷക്കും മേഖലയുടെ സുസ്ഥിരതക്കും ജൂലാന്‍ കുന്നുകള്‍ നിര്‍ണായകമാണെന്നും ഈ പ്രദേശത്തിന്മേല്‍ ഇസ്‌റാഈല്‍ ഉന്നയിക്കുന്ന പരമാധികാരം അംഗീകരിക്കുമെന്നും കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പെട്ടെന്നുണ്ടായ തീരുമാനമല്ല ഇത്. നേരത്തെ ഇക്കാര്യത്തില്‍ ട്രംപ് ഇസ്‌റാഈലിന് ഉറപ്പു നല്‍കിയതായി ഇസ്‌റാഈല്‍ ഇന്റലിജന്‍സ് മന്ത്രി കാറ്റ്‌സും ഒരു മുതിര്‍ന്ന ഇസ്‌റാഈല്‍ ഉദ്യോഗസ്ഥനും മാസങ്ങള്‍ക്കു മുമ്പേ വെളിപ്പെടുത്തിയതാണ്. ജൂലാന്‍ പ്രദേശത്തിനുമേലുള്ള തങ്ങളുടെ അവകാശവാദം അംഗീകരിച്ചു കൊണ്ടുള്ള യു എസിന്റെ പ്രഖ്യാപനം താമസിയാതെ പ്രതീക്ഷിക്കാമെന്നും അമേരിക്കയുമായുള്ള ഇസ്‌റാഈലിന്റെ നയതന്ത്ര ചര്‍ച്ചകളില്‍ ജൂലാന്‍കുന്നുകളുടെ അവകാശം മുഖ്യ അജന്‍ഡയായിരുന്നുവെന്നും കഴിഞ്ഞ മെയിലാണ് കാറ്റ്‌സ് വ്യക്തമാക്കിയത്.

സിറിയയുടെ ഭൂവിഭാഗമെന്ന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് ജൂലാന്‍ കുന്നുകള്‍. 12,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തന്ത്രപ്രധാനമായ ഈ പ്രദേശം 1967ലെ ആറ് ദിവസ യുദ്ധത്തിനൊടുവില്‍ ഇസ്‌റാഈല്‍ പിടിച്ചെടുക്കുകയായിരുന്നു. ഗാസ മുനമ്പ്, സീനായ് പ്രവിശ്യ എന്നിവ ഈജിപ്തില്‍ നിന്നും കിഴക്കന്‍ ജറൂസലം അടങ്ങുന്ന വെസ്റ്റ് ബാങ്ക് ജോര്‍ദാന്റെ നിയന്ത്രണത്തില്‍ നിന്നും ഇസ്‌റാഈല്‍ പിടിച്ചടക്കിയതും ഈ യുദ്ധത്തിലാണ്. പര്‍പ്പിള്‍ ലൈന്‍ എന്നറിയപ്പെടുന്ന വെടിനിറുത്തല്‍ രേഖ രൂപവത്കരിക്കപ്പെട്ടപ്പോഴും ജൂലാന്‍ കുന്നുകള്‍ ഇസ്‌റാഈലിന്റെ നിയന്ത്രണത്തില്‍ നിലനിറുത്തി. സൈനിക നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം 1981ല്‍ ജൂലാന്‍ ഹൈറ്റ്‌സ് നിയമത്തിലൂടെ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കുകയും അവിടെ ജൂത കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഇതിനെ ശക്തമായി അപലപിച്ചതാണ്. ‘സ്വന്തം നിയമങ്ങളും നിയമവാഴ്ചയും ഭരണവും സിറിയന്‍ ജൂലാന്‍ കുന്നുകളില്‍ നടപ്പാക്കാനുള്ള ഇസ്‌റാഈലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണെ’ന്ന് യു എന്‍ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇസ്‌റാഈല്‍ പിന്നെയും യു എന്നിനെ ധിക്കരിച്ചു അധിനിവേശ നടപടികള്‍ തുടരുകയായിരുന്നു. അമേരിക്ക നല്‍കുന്ന പിന്തുണയാണ് അവര്‍ക്കിതിന് ധൈര്യം നല്‍കുന്നത്.

ജറൂസലമിന്റെ കാര്യത്തിലും അമേരിക്ക ഇതേ നിലപാടാണ് സ്വീകരിച്ചത്. പവിത്രവും ചരിത്ര പ്രധാനവുമായ അല്‍അഖ്‌സ പള്ളി, പ്രവാചകന്റെ പാദസ്പര്‍ശമേറ്റ ഡോം ഓഫ് റോക്ക്, നിരവധി പ്രവാചകരുടെ മഖ്ബറകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ജറൂസലം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ മുഖ്യവും ഫലസ്തീനികളുടെ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട നഗരവുമാണ.് അറബികളുമായുള്ള യുദ്ധത്തില്‍ അമേരിക്കയുടെ സഹായത്തോടെ പിടിച്ചെടുത്തു എന്നതിലപ്പുറം നിയമപരമായോ അന്താരാഷ്ട്ര തലത്തിലോ ഈ പ്രദേശത്തിന്മേല്‍ അവര്‍ക്കു യാതൊരു അവകാശവുമില്ല. പടിഞ്ഞാറന്‍ ജറൂസലമും കിഴക്കന്‍ ജറൂസലമും ഒരൊറ്റ നഗരവും ഇസ്‌റാഈലിന്റെ എക്കാലത്തേക്കുമുള്ള തലസ്ഥാനവുമായി പ്രഖ്യാപിക്കുക വഴി 1980ല്‍ അവര്‍ ഈ പ്രദേശം തങ്ങളുടെ രാഷ്ട്രത്തിന്റെ ഭാഗമാക്കുകയായിരുന്നു. യു എന്‍ ഇതംഗീകരിച്ചിട്ടില്ല. അധിനിവേശത്തിലൂടെ ജറൂസലമിനെ ഇസ്‌റാഈലിനോട് ചേര്‍ത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് 478ാം നമ്പര്‍ പ്രമേയത്തില്‍ യു എന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രമേയത്തെ വീറ്റോ ചെയ്യാതെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുക വഴി അമേരിക്ക അന്ന് ലോകത്തിന് നല്‍കിയതും ഇസ്‌റാഈല്‍ നിലപാട് ശരിയായില്ലെന്ന സന്ദേശമായിരുന്നു. എന്നാല്‍ മുന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ സ്വീകരിച്ച നയത്തില്‍ നിന്ന് വ്യതിചലിച്ച ട്രംപ്, ജറൂസലമിനെ തലസ്ഥാനമാക്കിയുള്ള ഇസ്‌റാഈല്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഇത് പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ട്രംപ് അതവഗണിച്ചു.

യു എസ് ഭരണകൂടത്തിന്റെ നയരൂപവത്കരണവും ജനതയുടെ അഭിപ്രായ രൂപവത്കരണവും ഇസ്‌റാഈലിനു അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെ തികച്ചും വ്യവസ്ഥാപിത രൂപത്തില്‍ വിപുലമായ സംവിധാനങ്ങളോടെ ജൂത ലോബികള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭീകരതക്കെതിരായ യു എസ് യുദ്ധം, കുടിയേറ്റവിരുദ്ധ നയങ്ങള്‍, അഫ്ഗാന്‍, ഇറാഖ് അധിനിവേശം, അമേരിക്കയുടെ വിദേശ, പ്രതിരോധ നയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഈ ലോബിയുടെ സ്വാധീനമുണ്ട്. മതവംശീയതയുടെയും വലതുപക്ഷ ചിന്താഗതിയുടെയും മൂര്‍ത്തീമദ്ഭാവമായ ട്രംപ് അധികാരത്തിലേറിയത് ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. നേരത്തെ പാതി വിഴുങ്ങിക്കഴിഞ്ഞ ഫലസ്തീനിനെ ട്രംപിന്റെ സഹായത്തോടെ പൂര്‍ണമായി വിഴുങ്ങിക്കൊണ്ടിരിക്കയാണ് ഇപ്പോള്‍ ഇസ്‌റാഈല്‍. വെസ്റ്റ് ബാങ്കും ഗസ്സയും ജറൂസലമും ഫലസ്തീനിന് നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ പ്രദേശങ്ങളിലെ ഫലസ്തീന്‍ അറബികളെ ആട്ടിയോടിച്ച് അനധികൃത ജൂത കോളനികള്‍ സ്ഥാപിച്ചു വരികയാണ് ഇസ്‌റാഈല്‍ ഭരണകൂടം. 1947ല്‍ ഫലസ്തീന്‍ വെട്ടിമുറിച്ച് ഇസ്‌റാഈല്‍ രൂപവത്കരിച്ചപ്പോള്‍ രാജ്യത്തിന്റെ 56.47 ശതമാനം ഫലസ്തീനികള്‍ക്കായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ 1966ല്‍ അല്‍ഊജ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ഫലസ്തീനികളെ ആട്ടിയോടിച്ചു 20,700 ചതുരശ്ര കിലോമീറ്റര്‍ കൈയടക്കി. ഇത്തരം കൈയേറ്റങ്ങള്‍ പിന്നെയും തുടര്‍ന്നു. അവശേഷിക്കുന്ന പ്രദേശങ്ങളില്‍ തന്നെ നരകതുല്യമാണ് ഫലസ്തീനികളുടെ ജീവിതം. ഈ നില തുടര്‍ന്നാല്‍ ഫലസ്തീന്‍ പൂര്‍ണമായി ഇസ്‌റാഈലിന്റെ ഭാഗമാകുന്ന കാലം അനതി വിദൂരമായിരിക്കില്ല. ഈ ധിക്കാരത്തിനെതിരെ വിരല്‍ ചൂണ്ടാന്‍ പോലും കഴിയാതെ എല്ലാം നോക്കുകുത്തിയെ പോലെ കണ്ടുനില്‍ക്കുന്നു ‘ആഗോള സമാധാന പ്രസ്ഥാന’മായ ഐക്യരാഷ്ട്ര സഭ.