റെയില്‍വേ ടിക്കറ്റിനു പിന്നാലെ എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസിലും പ്രധാന മന്ത്രിയുടെ ചിത്രം; പരിശോധിക്കുമെന്ന് അധികൃതര്‍

Posted on: March 25, 2019 2:07 pm | Last updated: March 25, 2019 at 4:49 pm

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്രങ്ങള്‍ പതിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനമുയരുന്നു. റെയില്‍വേ ടിക്കറ്റില്‍ പ്രധാന മന്ത്രിയുടെ ചിത്രം പതിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് പുതിയ സംഭവം.

വിഷയം പരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. മൂന്നാം കക്ഷിയുടെ പരസ്യങ്ങളുടെ ഭാഗമായി വന്ന ചിത്രം തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടാല്‍ നീക്കം ചെയ്യും. പഞ്ചാബ് മുന്‍ ഡി ജി പി. ശശികാന്ത് ന്യൂഡല്‍ഹിയില്‍ തനിക്കു ലഭിച്ച ബോര്‍ഡിംഗ് പാസിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മോദിയുടെയും രൂപാനിയുടെയും ചിത്രങ്ങള്‍ എങ്ങനെയാണ് അതില്‍ പ്രത്യക്ഷപ്പെട്ടതെന്ന ചോദ്യമുന്നയിച്ചിരുന്നു.

‘2019 മാര്‍ച്ച് 25ന് ന്യൂഡല്‍ഹിയില്‍ എയര്‍ ഇന്ത്യ നല്‍കിയ ബോര്‍ഡിംഗ് പാസില്‍ മോദിയുടെയും രൂപാനിയുടെയും ചിത്രങ്ങള്‍ പതിച്ചിരിക്കുന്നു. ബോര്‍ഡിംഗ് പാസിന്റെ ചിത്രം താഴെ നല്‍കുന്നു. പൊതു പണം ഏതൊക്കെ രൂപത്തിലാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നത് അത്ഭുതപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ കമ്മീഷന്‍ ഇതൊന്നും കാണുകയോ കേള്‍ക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല.’- ശശികാന്ത് ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി പ്രിന്റ് ചെയ്ത ബോര്‍ഡിംഗ് പാസുകളാണ് ഇതെന്ന് കരുതുന്നതായും മൂന്നാം കക്ഷി നല്‍കിയ പരസ്യങ്ങളുടെ ഭാഗമായാണ് നേതാക്കളുടെ ചിത്രങ്ങള്‍ വന്നതെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു. ഇതില്‍ എയര്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനില്ലെങ്കിലും മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുണ്ടോയെന്ന കാര്യം പരിശോധിക്കും. അങ്ങനെയുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

നേരത്തെ പ്രധാന മന്ത്രിയുടെ ചിത്രം പതിച്ച റെയില്‍വേ ടിക്കറ്റുകള്‍, തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. മൂന്നാം കക്ഷിയുടെ പരസ്യങ്ങളുടെ ഭാഗമായാണ് ചിത്രങ്ങള്‍ വന്നതെന്ന ന്യായം തന്നെയാണ് റെയില്‍വേ അധികൃതരും ആദ്യം പറഞ്ഞിരുന്നത്.