Connect with us

Religion

ജയിലറയിലെ മുഫ്തി

Published

|

Last Updated

അഹ്‌ലുബൈത്ത് നായകരിൽ പ്രധാനിയായ സയ്യിദ് ജഅ്ഫറുസ്സ്വാദിഖ് (റ) തുടർച്ചയായി മൂന്ന് ദിവസം നാട്ടുകാർക്ക് ഗംഭീര സത്കാരമൊരുക്കി. നാട്ടുകാർക്കെല്ലാം അത്ഭുതമായി. നാട്ടിൽ ദിവസങ്ങളോളം ചർച്ചക്ക് വിഷയീഭവിച്ചു. തനിക്ക് നാഥൻ ഒരു കുഞ്ഞിനെ കനിഞ്ഞേകിയതിലുള്ള സന്തോഷപ്രകടനമായിരുന്നു മൂന്ന് ദിവസത്തെ സത്കാരം. പിതാവിന് കുഞ്ഞിനോടുള്ള പ്രത്യേക സ്‌നേഹം അന്ന് വലിയ സംസാരവിഷയമായി. സയ്യിദ് മൂസൽ കാളി(റ)മിന്റെ ജനനമായിരുന്നു ആ സത്കാരത്തിന് വഴിവെച്ചത്.

ഹിജ്‌റ 128 സഫർ ഏഴി(എ ഡി 745 നവംബർ എട്ട്)ന് ശനിയാഴ്ച സയ്യിദ് ജഅ്ഫറുസ്സ്വാദിഖി(റ)ന്റെയും ഹുമൈദതുൽ ബർബരിയ്യയുടെയും മകനായാണ് ജനനം. മക്കയുടെയും മദീനയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന അബവാഅ് ആണ് ജന്മനാട്. പിന്നീട് പിതാവ് ജഅ്ഫറുസ്സ്വാദിഖ് (റ) മദീനയിലേക്ക് താമസം മാറ്റി. ഇതോടെ സയ്യിദ് മൂസൽ കാളിമി (റ)ന്റെ ജീവിതവും മദീനയിലായി. 55 വർഷത്തെ ജീവിതത്തിൽ 20 വർഷം പിതാവിനൊപ്പമായിരുന്നു. ജ്ഞാനവഴിയിലെ കെടാവിളക്കായി ജ്വലിച്ച പിതാവിന്റെ മഹദ്‌സാന്നിധ്യം മകനിലും പ്രതിഫലിച്ചു. പിതാവിന്റെ വൈജ്ഞാനികലോകത്തിലൂടെയുള്ള സഞ്ചാരം ആവോളം ആ മകൻ ആവാഹിച്ചു. അക്കാലത്തെ പ്രസിദ്ധ ജ്ഞാനികളെല്ലാം പിതാവിന്റെയടുത്ത് വിദ്യതേടി എത്തിയിരുന്നു. തഫ്‌സീർ, കർമശാസ്ത്രം, തത്വചിന്ത, ഗണിതം, രസതന്ത്രം, ഗോളശാസ്ത്രം തുടങ്ങി വ്യത്യസ്തങ്ങളായ മത- ശാസ്ത്ര വിജ്ഞാനീയങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു മഹാന്. പഠന- ഗവേഷണങ്ങളിൽ മുഴുകി ആയിരക്കണക്കിന് വിദ്യാർഥികളുള്ള വലിയാ കലാലയമായിരുന്നു ഇമാം ജഅ്ഫറുസ്സ്വാദിഖി(റ)ന്റെ പുരയിടം. ആ ജ്ഞാനസാമീപ്യ ജീവിതം, മകൻ സയ്യിദ് മൂസൽ കാളിമി(റ)നെ അറിവിന്റെ മഹാ ഗോപുരമാക്കി.

രാത്രി മുഴുക്കെ ആരാധനകളിൽ മുഴുകുകയും പകലുകളിൽ വ്രതനിരതനാവുകയും മഹാനവർകളുടെ ശീലമായിരുന്നു. അദ്ദേഹത്തിലുണ്ടായിരുന്ന സഹന- ക്ഷമാശീലങ്ങൾ കാരണമാണ് കാളിം എന്ന സ്ഥാനപ്പേര് ലഭിച്ചത്. ജീവിത സമയം മുഴുവൻ അറിവിനായി മാറ്റിവെച്ച മഹാനവർകൾ, ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും അറിവിന്റെ വെളിച്ചം കൊണ്ടുതന്നെ തരണം ചെയ്തു. പിതാവിന്റെ വിയോഗാനന്തരം മഹാനവർകളുടെ ജീവിതം തടവറയിലായിരുന്നു. അബ്ബാസിയ്യാ ഖലീഫ ഹാറൂൻ റശീദിന്റെ കാലത്താണ് മഹാനവർകൾ ജയിലിലടക്കപ്പെട്ടത്. പക്ഷേ, ജയിൽവാസം തന്റെ അറിവിന്റെ മേഖലയിലുള്ള ഇടപെടലുകൾക്കോ അനുവാചകരുടെ സംശയദൂരീകരണങ്ങൾക്കോ ഒട്ടും കോട്ടം തട്ടിക്കാനായില്ല. അന്ന് ജയിലിൽ നിന്നും മഹാനവർകൾ ഫത്‌വകൾ നൽകിയിരുന്നു. ഇക്കാരണത്താൽ, കർമശാസ്ത്രത്തിന്റെ എഴുത്തിൽ ഒരു രീതിശാസ്ത്രം വെട്ടിത്തെളിച്ചത് മഹാനവർകളാണെന്ന് പണ്ഡിന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും പ്രാർഥനയിലൂടെ അദ്ദേഹം പരിഹാരം നൽകിയിരുന്നു.

ജയിലിലായ ശേഷവും മഹാനവർകൾ തന്റെ സമയത്തിന്റെ സിംഹഭാഗവും ആരാധനക്കും ജ്ഞാനഗവേഷണത്തിനുമാണ് ചെലവഴിച്ചത്. ജയിലറയിലേക്ക് പ്രവേശിപ്പിച്ചപ്പോൾ മഹാനവർകൾ പറഞ്ഞതിങ്ങനെയാണ്: “അല്ലാഹുവേ, നിനക്ക് ആരാധന ചെയ്യാൻ വേണ്ടിയാണ് ഞാൻ ഒഴിവുസമയം ചോദിക്കുന്നതെന്ന് അറിയാമല്ലോ, നീ അതു ചെയ്തു. നിനക്ക് സർവസ്തുതിയും.” മഹാനവർകൾ പ്രധാനമായും മൂന്ന് തവണയാണ് തടവിലാക്കപ്പെട്ടത്. നിരവധി പീഡനങ്ങളും അക്രമങ്ങളുമാണ് തടവിലായിരിക്കെ മഹാനവർകൾക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ആദ്യം മൂസൽ ഹാദിയും പിന്നീട് ഫള്‌ലുബ്‌നു റബീഅ്, ഫള്‌ലുബ്‌നു യഹ്‌യ, സിൻദി ബിൻ ശാഹിഖ് എന്നിവരും മഹാനെ ക്രൂരമായി മർദിച്ചു. ഇതു കാരണമായാണ് മരണം സംഭവിക്കുന്നത്.

ആ ജ്ഞാനജ്യോതിസ്സ് 55ാം വയസ്സിൽ ഹിജ്‌റ 183 റജബ് 25 (എ ഡി 799 ആഗസ്റ്റ് 12)ന് ഈ ലോകത്തോട് വിടപറഞ്ഞു. ഇന്ന് ജനസഹസ്രങ്ങളുടെ തീർഥാടനകേന്ദ്രമായി സയ്യിദ് മൂസൽ കാളിമി (റ)ന്റെ മഖ്ബറ ഇറാഖിലെ ബഗ്ദാദിൽ സ്ഥിതിചെയ്യുന്നു. സമകാലികർക്ക് വൈജ്ഞാനികരംഗത്തെ ആശാകേന്ദ്രമായിരുന്ന മഹാനവർകളുടെ വിയോഗം വലിയൊരു നഷ്ടമാണ് വരുത്തിവെച്ചതെങ്കിലും, വിയോഗാനന്തരം മഖ്ബറ സ്ഥിതി ചെയ്യുന്ന സ്ഥലം വലിയൊരു പട്ടണമായി രൂപാന്തരപ്പെട്ടു. കാളിമിയ്യ (ഇമാം കാളിം നഗരം) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

കേരളത്തിലെ അലവിയേതര സാദാത്തുക്കളിലെ പ്രമുഖരാണ് ബുഖാരി സാദാത്തുക്കൾ, അഹ്ദൽ വംശം തുടങ്ങിയവർ. അലവിയേതര സാദാത്തുക്കൾ കൂടുതലായും കടന്നുവരുന്നത് സയ്യിദ് മൂസൽ കാളി(റ)മിന്റെ സന്താന പരമ്പരയിലൂടെയാണ്. സയ്യിദ് അഹ്മദുൽ കബീർ രിഫാഇ(റ)യും രിഫാഈ ഗോത്രക്കാരും, സയ്യിദ് ഇബ്‌റാഹീം ദുസൂഖി (റ)യും കുടുംബങ്ങളും, മഖ്ദൂം ജിഹാനിയാൻ ജിഹാൻ ഗുസ്തു ബുഖാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സയ്യിദ് ജമാലുദ്ദീൻ ഹുസൈനും(റ) ബുഖാരി വംശവും, സയ്യിദ് അബുൽഹസനുൽ അഹ്ദലും(റ) അഹ്ദൽ കുടുംബവും, അജ്മീറിൽ അന്ത്യവിശ്രമം കൊള്ളുന്ന സുൽത്താനുൽ ഹിന്ദ് സയ്യിദ് ഖാജാ മുഈനുദ്ദീൻ ചിശ്തി (റ)യും കുടുംബവും മൂസൽ കാളി(റ)മിന്റെ സന്താന പരമ്പരയിൽ പെട്ടവരാണെന്ന് ഖസ്വീനത്തിൽ അൽഫിയ്യ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് ലുഖ്മാൻ
kmluqman27@gmail.com

---- facebook comment plugin here -----

Latest