പണത്തിനു ചുറ്റും കറങ്ങുന്ന രാഷ്ട്രീയം

  Posted on: March 24, 2019 10:22 am | Last updated: March 24, 2019 at 10:22 am

  ‘രാജ്യത്തിന്റെ കാവൽക്കാർ കള്ളന്മാരാണ്’ എന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ സാധൂകരിക്കുന്ന വിവരങ്ങളാണിപ്പോൾ തുടരെത്തുടരെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് കോഴ വാങ്ങുന്നതിനു പുറമെ അധികാര സ്ഥാനങ്ങൾ തരപ്പെടുത്തി കൊടുക്കുന്നതിന് സ്വന്തം പാർട്ടിക്കാരിൽ നിന്നു പോലും ബി ജെ പി ദേശീയ നേതാക്കൾ കൈക്കൂലി വാങ്ങിയതിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2008- 09 കാലത്ത് കർണാടക മുഖ്യമന്ത്രിയാകാൻ ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പ പാർട്ടി കേന്ദ്ര നേതാക്കൾക്ക് നൽകിയ തുകയുടെ കണക്കുകൾ ദി കാരവൻ മാഗസിനാണ് പുറത്തു കൊണ്ടുവന്നത്.

  മുഖ്യമന്ത്രിപദം ഉറപ്പിക്കാൻ പ്രമുഖ ബി ജെ പി കേന്ദ്ര നേതാക്കൾക്ക് 1800 കോടി നൽകിയതായി, 2009ലെ തന്റെ ഡയറിയിൽ യെദ്യൂരപ്പ രേഖപ്പെടുത്തിയതിന്റെ പകർപ്പ് സഹിതമാണ് മാഗസിൻ വാർത്ത പ്രസിദ്ധീകരിച്ചത്. ഈ ഡയറി ഇപ്പോൾ കർണാടക ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിലാണുള്ളത്. ബി െജ പി കേന്ദ്ര കമ്മിറ്റിക്ക് 1000 കോടി, അരുൺ ജെയറ്റ്‌ലിക്കും നിതിൻ ഗാഡ്കരിക്കും 150 കോടി വീതം, രാജ്‌നാഥ് സിംഗിന് 100 കോടി, അഡ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി എന്നിങ്ങനെ ആർക്കൊക്കെയാണ് കൈക്കൂലി നൽകിയതെന്നും സ്വന്തം കൈപ്പടയിൽ യെദ്യൂരപ്പ രേഖപ്പെടുത്തുന്നുണ്ട്. നിതിൻ ഗാഡ്കരിയുടെ മകന്റെ കല്യാണത്തിന് മാത്രം പത്ത് കോടി വേറെയും നൽകിയിട്ടുണ്ടെന്ന് ഡയറി സൂചിപ്പിക്കുന്നു. എല്ലാ പേജുകളിലും യെദ്യൂരപ്പയുടെ ഒപ്പുമുണ്ട്. ഇതോടെ ബി ജെ പിയുടെ പ്രമുഖ നേതാക്കളെല്ലാം രാജ്യ ചരിത്രത്തിൽ ഇന്നോളം കേട്ടുകേൾവിയില്ലാത്ത വിധം കൈക്കൂലിക്കേസിൽ ആരോപണവിധേയരായിരിക്കുകയാണ്. പാർട്ടി നേതാക്കൾക്ക് നൽകിയതിനു പുറമെ അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ചില ജഡ്ജിമാർക്ക് 250 കോടിയും വക്കീലന്മാർക്ക് 50 കോടിയും നൽകിയതായും ഡയറിയിൽ സാക്ഷ്യപ്പെടുത്തുന്നു. 2009 ജനുവരി 17ന്റെ പേജിലാണ് ബി ജെ പി നേതാക്കൾക്കും ജഡ്ജിമാർക്കും പണം നൽകിയ കാര്യം രേഖപ്പെടുത്തിയത്.

  പാർട്ടി കേന്ദ്ര നേതൃത്വത്തിന് പണം നൽകിയതായുള്ള യെദ്യൂരപ്പയുടെ ഫോൺ സംഭാഷണം നേരത്തേ പുറത്തു വന്നതാണ്. യെദ്യൂരപ്പയും ബി ജെ പി നേതാവ് അനന്തകുമാറും നടത്തിയ സംഭാഷണത്തിലാണ് ഈ വിവരമുള്ളത്. പാർട്ടി ഓഫീസിൽ വെച്ചു ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെ മൈക്ക് ഓഫ് ചെയ്യാൻ മറന്നതിനെ തുടർന്നാണ് സംഭാഷണം ചോർന്നത്. സംഭാഷണത്തിലെ ശബ്ദം അവരുടേത് തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയും ചെയ്തു. ഇതിന് പിന്നാലെ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം നൽകിയ വിവരങ്ങളടങ്ങിയ ഡയറി കണ്ടെടുത്തത്. 2017 മുതൽ ഈ രേഖകൾ ആദായനികുതി വകുപ്പിന്റെ കൈവശമുണ്ട്. ഇത്രയധികം പണം യെദ്യൂരപ്പക്ക് എവിടെ നിന്നു ലഭിച്ചുവെന്നത് ദുരൂഹമാണ്.

  ഇന്ത്യൻ രാഷ്ട്രീയം ഇന്ന് അടിമുടി പണത്തിന്റെ കളിയാണ്. സ്ഥാനാർഥിത്വത്തിന് മുതൽ അധികാരത്തിലെ ഉന്നത പദവികൾക്ക് വരെ പാർട്ടി നേതൃത്വം വൻ തോതിൽ കോഴ വാങ്ങുന്നു. പേമെന്റ് സീറ്റ് വിവാദം കേരളത്തിലുൾപ്പെടെ കത്തിപ്പടർന്നതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് സി പി ഐ നേതൃത്വം ബെന്നറ്റ് എബ്രഹാമിന് നൽകിയത് 2.10 കോടി കോഴ വാങ്ങിയാണെന്നു ആരോപണം ഉയരുകയും പാർട്ടി അന്വേഷണത്തിൽ ഏറെക്കുറെ സ്ഥിരീകരിക്കുകയും ചെയ്തതാണ്. മുൻ ഡൽഹി ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എ കെ വാലിയ രണ്ട് വർഷം മുമ്പ് കോൺഗ്രസ് വിട്ടത് സ്ഥാനാർഥികളിൽ നിന്നു പണം വാങ്ങിയാണ് പാർട്ടി നേതൃത്വം സീറ്റുകൾ നൽകുന്നതെന്നാരോപിച്ചായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ ഒരു സ്ഥാനാർഥിയോട് 30 ലക്ഷം കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് ആം ആദ്മി പാർട്ടി പഞ്ചാബ് കൺവീനർ സുച്ച സിംഗിനെ പാർട്ടി പുറത്താക്കിയത്. അലിഗഢ് ലോക്‌സഭാ സീറ്റിന് മുൻ ലെജിസ്‌ലേറ്റീവ് കൗൺസിൽ അംഗം മുകുൾ ഉപാധ്യായയോട് അഞ്ച് കോടി രൂപയാണത്രേ ബി എസ് പി നേതാവ് മായാവതി ആവശ്യപ്പെട്ടത്.

  പാർട്ടി നേതൃത്വങ്ങൾക്ക് വൻ തോതിൽ പണം ആവശ്യമുണ്ടിപ്പോൾ. പാർട്ടി പ്രവർത്തനവും തിരഞ്ഞെടുപ്പ് പ്രചാരണവും മാത്രമല്ല, തൂക്കുമന്ത്രി സഭ വരുമ്പോൾ മറുപക്ഷത്തുള്ള അംഗങ്ങളെ ചാക്കിട്ടു പിടിക്കാനും വേണം പണം. കർണാടകയിൽ ഭരണം പിടിക്കാൻ ബി ജെ പി നേതൃത്വം പ്രതിപക്ഷ എം എൽ എമാർക്ക് നൂറ് കോടി രൂപ വീതം വിലയിട്ട വിവരം നേരത്തേ പുറത്തു വന്നതാണല്ലോ. ഈ സാഹചര്യത്തിൽ നേരും നെറിയുമെല്ലാം വെടിഞ്ഞ് പണം സമ്പാദിക്കുകയാണ് നേതൃത്വങ്ങൾ. ഇതാണ് യെദ്യൂരപ്പയുടെ ഡയറി വിളിച്ചു പറയുന്നത്. ആദർശവും ആശയവുമെല്ലാം പണാധിപത്യത്തിന് അടിയറ വെക്കുന്ന അധാർമികതയുടെ ഈ അധികാരക്കളിയാണ് രാജ്യത്ത് അഴിമതി വ്യാപകമാകാൻ കാരണം. തിരഞ്ഞെടുപ്പിൽ സീറ്റിനും മന്ത്രിസ്ഥാനങ്ങൾക്കും വൻ തുക നൽകിയവർക്ക് അതു തിരിച്ചു പിടിക്കാൻ കോഴയെ ആശ്രയിക്കുകയല്ലാതെ മാർഗമില്ല.

  ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങളും അന്തസ്സത്തയും പൂർണമായി തകർക്കുന്നതാണിപ്പോൾ രാജ്യത്ത് കണ്ടു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയവർ പിന്നീട് അവരെ മറന്നു ഭരണ ചക്രം കോർപറേറ്റ് ഭീമന്മാർക്കായാണ് കറക്കിക്കൊണ്ടിരിക്കുന്നത്. പൊതുജനവും വോട്ടർമാരും വിഡ്ഢികളാക്കപ്പെടുകയാണിവിടെ.