അമേരിക്കക്ക് വേണം, ജസീന്തയെപ്പോലെയൊരു നേതാവിനെ

Posted on: March 24, 2019 10:16 am | Last updated: March 24, 2019 at 10:16 am
ജസീന്താ ആർഡേൺ

നിസ്‌കരിക്കാനെത്തിയ 50 പേരെ 28 വയസ്സുകാരനായ വൈറ്റ് സൂപ്രമാസിസ്റ്റ് കൊലപ്പെടുത്തിയ സംഭവത്തോടെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് വെറുപ്പും അക്രമവും പടർത്തുന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുമെന്നുറപ്പാണ്. എന്നാൽ ഭയാനകമായ ആ സാഹചര്യത്തോട് ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ നടത്തിയ പ്രതികരണം ലോകത്തിന് മുഴുവൻ പാഠമായിരിക്കുകയാണ്.

അപകടം നടന്നയുടൻ തന്നെ ജനരോഷത്തിന് ചെവികൊടുത്ത അവർ അടുത്ത ദിവസങ്ങളിൽ മിലിറ്ററി സ്റ്റൈൽ തോക്കുകൾക്കും മറ്റ് ആയുധങ്ങൾക്കും നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തു. ഇത്തരം ആയുധങ്ങളാണ് ക്രൈസ്റ്റ് ചർച്ചിലും അമേരിക്കയിലും കൂട്ടക്കൊലയാളികൾ അവരുടെ രക്തദാഹം തീർക്കാൻ ഉപയോഗിച്ചത്. മിലിറ്ററി സ്റ്റൈൽ സെമി ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിച്ചു കൊണ്ട് വ്യാഴാഴ്ച ജസീന്ത പ്രഖ്യാപിച്ചു: ഇത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ്, ഇത് രാജ്യ താത്പര്യം കണക്കിലെടുത്താണ്. സുരക്ഷക്കു വേണ്ടിയാണ്.

ഈ ആഴ്ച ആദ്യം പാർലിമെന്റിൽ അവർ മറ്റൊരു കാര്യം കൂടി പറഞ്ഞു: സാമൂഹിക മാധ്യമങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വമിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മറ്റും നിയന്ത്രണാതീതമായി പ്രചരിക്കുന്നുണ്ട്. അവ നിയന്ത്രിച്ചേ മതിയാകൂ. ഇത്തരം സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾക്കൊന്നും അവർ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുന്നത് വെറുതെ മാറിയിരുന്ന് അംഗീകരിക്കാൻ നമുക്ക് കഴിയില്ല. ലാഭം മാത്രം മതി, ഉത്തരവാദിത്വം വേണ്ട എന്നതായിരിക്കരുത് അവരുടെ നയം.
അതേസമയം, ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സാമൂഹികമാധ്യമങ്ങളുടെ വ്യാപ്തി നിയന്ത്രിക്കാൻ ഒരു അടിയന്തര നടപടിയും അവർ കൈകൊള്ളുകയും ചെയ്തില്ല. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാതെ നിയന്ത്രണം എങ്ങനെ സാധ്യമാക്കുമെന്ന് വ്യക്തമല്ല. എന്നാൽ ഇത്തരം മാധ്യമങ്ങൾക്കും തോക്കു നിർമാണ കമ്പനികൾക്കും വിൽപ്പനക്കാർക്കും ക്രൈസ്റ്റ്ചർച്ചിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുമായി നടക്കുന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് ന്യൂസീലാൻഡ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.
നിയമമായി മാറുന്നതിന് മുമ്പ് ന്യൂസീലാൻഡിലെ നിർദിഷ്ട തോക്ക് നിയമം ഇനിയും സൂക്ഷ്മമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ന്യൂസിലാൻഡിലെ നിലവിലെ നിയമങ്ങൾ ഉദാരമാണ്. രണ്ടര ലക്ഷം ആളുകളുടെ പക്കലുള്ള 1.2 മില്യൺ മുതൽ 1.5 മില്യൺ വരെയുള്ള ആയുധങ്ങളിൽ മിക്കവയും രജിസ്റ്റർ ചെയ്യപ്പെടാത്തവയാണ്. പുതിയ നിയമത്തിന് കീഴിൽ ഇവയിൽ എത്രത്തോളം നിയമവിരുദ്ധമാകുമെന്നത് ഇനിയും വ്യക്തമല്ല.

എന്നാൽ ഒരു വ്യക്തിക്ക് ഇത്തരം ആയുധം ഉപയോഗിച്ച് എത്രത്തോളം നാശം വിതയ്ക്കാമെന്ന തിരിച്ചറിവ് ന്യൂസീലാൻഡിലെ ജനങ്ങളെയും പാർലിമെന്റിലെ ഭൂരിപക്ഷം അംഗങ്ങളേയും അതീവ പ്രഹര ശേഷിയുള്ള ആയുധങ്ങൾ നിരോധിക്കണമെന്ന നിലപാടിൽ എത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്.


അമേരിക്കയിലെ സ്ഥിതി ന്യൂസീലാൻഡിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നുവെന്ന് കാണണം. ഇവിടെ നിരവധി കൂട്ടക്കൊലക്ക് ഉപയോഗിച്ച എ ആർ 15 പോലുള്ള ആയുധങ്ങൾ നിരോധിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധമാണ് ഉയർന്നത്. നാഷനൽ റൈഫിൾസ് അസോസിയേഷനും അവരുടെ വരുതിയിലുള്ള രാഷ്ട്രീയ കൂട്ടാളികളും നിയമം മാറുന്നതിനെ ശക്തമായി എതിർക്കുകയായിരുന്നുവല്ലോ.

ന്യൂസീലാൻഡിൽ നടന്ന ഒരൊറ്റ കൂട്ടക്കൊലയാണ് സർക്കാറിനെ ഉണർത്തിയത്. എന്നാൽ അമേരിക്കയിൽ കൂട്ടക്കൊലകളുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. ന്യൂടൗണിലെ സ്‌കൂളിൽ കൊല്ലപ്പെട്ട 26 പേർ, ഓർലാൻഡോയിലെ നിശാക്ലബ്ബിൽ കൊല്ലപ്പെട്ട 49 പേർ, ലാസ് വെഗാസിലെ സംഗീത പരിപാടിക്കിടെ കൊല്ലപ്പെട്ട 58 പേർ, പാർക് ലാൻഡിൽ സ്‌കൂളിൽ കൊല്ലപ്പെട്ട 17 പേർ. ഇതൊന്നും പോരായിരുന്നു അമേരിക്കക്ക്. തോക്ക് ആക്രമണങ്ങൾ നിയന്ത്രിക്കാൻ എന്തെങ്കിലും ചെയ്‌തേ തീരൂവെന്നാണ് ഈയിടെ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 73 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെട്ടത്.