Connect with us

Kannur

എൽ ഡി എഫ് ചുവരെഴുത്ത് മതിൽ ഇടിച്ചു തകർത്തു

Published

|

Last Updated

കോടിയേരിയിൽ സി പി എം എഴുതിയ ചുവരെഴുത്ത് മതിൽ ഇടിച്ചു പൊളിച്ചപ്പോൾ

തലശ്ശേരി: എൽ ഡി എഫ് ചുവരെഴുത്ത് നടത്തിയ മതിൽ ഇടിച്ചു തകർത്തു. പി ജയരാജന് വോട്ടഭ്യർത്ഥിച്ച് എൽ ഡി എഫ് പ്രവർത്തകർ വെള്ളിയാഴ്ച ചുവരെഴുത്ത് നടത്തിയ മതിലാണ് ഇന്നലെ പുലരും മുന്പെ ബി ജെ പിക്കാർ എന്ന് പറയപ്പെടുന്ന സംഘം ഇടിച്ചു തകർത്തത്. ഇതേ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
കോടിയേരി കൊമ്മൽ വയലിലെ ബാലന്റെ ഉടമസ്ഥതയിലുള്ള സംഗീത വീടിന്റെ കല്ല് മതിലാണ് ഏതാണ്ട് 30 ഓളം മീറ്റർ നീളത്തിൽ പാടെ ഇടിച്ചു നിരത്തിയത്.

മതിൽ തകർത്തത് സംബന്ധിച്ച് പറമ്പുടമ ബാലനും സ്ഥലത്തെ എൽ ഡി എഫ് 98ാം നമ്പർ ബൂത്ത് കമ്മിറ്റി സെക്രട്ടറി രാജീവ് കുമാറും ന്യൂ മാഹി പോലീസിൽ പരാതി നൽകി. കൊമ്മൽവയൽ വാർഡ് കൗൺസിലറും ബി ജെ പി പ്രാദേശിക നേതാവുമായ ലിജേഷിന്റെ നേതൃത്വത്തിലെത്തിയ ആറോളം പേരാണ് മതിൽ തകർത്തതെന്ന് പരാതിയിൽ പറയുന്നു.

സംഭവമറിഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, എ എൻ ഷംസീർ എം എൽ എയും നിരവധി എൽ ഡി എഫ് പ്രവർത്തകരും സ്ഥലത്തെത്തി. തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ കോ-ലീ-ബി സഖ്യം വടകര മണ്ഡലത്തിലാകെ ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് മതിൽ തകർത്തതെന്ന് ആരോപിച്ചു.തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. പ്രകോപിതരാവാതെ എൽ ഡി എഫ് പ്രവർത്തകർ കരുതിയിരിക്കണമെന്നും സമാധാനം തകർക്കാനുള്ള നീക്കത്തെ ചെറുക്ക ണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോടിയേരി അറിയിച്ചു.