Connect with us

Kannur

ആര്‍ എസ് എസ് കാര്യവാഹകിന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു: രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

തളിപ്പറമ്പ്:  കണ്ണൂരില്‍ ആര്‍ എസ് എസ് കാര്യവാഹകിന്റെ വീട്ടില്‍ സ്‌ഫോടനം. മകന്‍ അടക്കം രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരുക്ക്. വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ആര്‍ എസ് എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബുവിന്റെ നടുവില്‍ ആട്ടുകുളത്തെ വീട്ടിലാണ് സ്‌ഫോടനം. ഷിബുവിന്റെ മകന്‍ ഗോകുല്‍ (ഏഴ്), അയല്‍വാസി ശിവകുമാറിന്റെ മകന്‍ ഖജന്‍ രാജ് (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗോകുല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഖജന്‍രാജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പൊലീസും ബോംബുസ്‌ക്വാഡും നടത്തിയ തിരച്ചിലില്‍ വീട്ടില്‍നിന്ന് വടിവാളുകടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു.
വീടിന്റെ വശത്തെ ചായ്പില്‍ വിറകുകള്‍ക്കും മര ഉരുപ്പടികള്‍ക്കുമിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു രണ്ട് സ്റ്റീല്‍ ബോംബുകള്‍. കുട്ടികള്‍ പക്ഷിക്കൂട് നിര്‍മിക്കാനായി മരക്കഷണം വലിച്ചെടുത്തപ്പോള്‍ താഴെ വീണ ബോംബുകളിലൊന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടുപേര്‍ക്കും അരയ്ക്കു താഴെയാണ് പരുക്ക്. സ്്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. കുടിയാന്മല പൊലീസ് കേസെടെുത്ത് അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ് ഡി വൈ എസ് പി എം കൃഷ്ണന്‍, കുടിയാന്മല എസ്‌ഐ പി പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നാലുവടിവാള്‍, ഒരു മഴു, രണ്ടു കിലോ അലൂമിനിയം ഫോസ്‌ഫേറ്റ്, ഗണ്‍പൗഡര്‍ എന്നിവയാണ് പിടിച്ചെടുത്തത്.