Connect with us

National

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി; ടി സിദ്ദിഖ് പിന്‍മാറും

Published

|

Last Updated

പത്തനംതിട്ട: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ ചാണ്ടി.ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ടെന്നാണ് അറിയുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ മുഴുവന്‍ കോണ്‍ഗ്രസിന് ഗുണമുണ്ടാക്കും. രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍
സ്ഥാനാര്‍ഥിത്വത്തില്‍നിന്നും സന്തോഷപൂര്‍വം പിന്‍മാറുമെന്ന് ടി സിദ്ദിഖ് തന്നോട് പറഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ എവിടെനിന്നെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അത് കേരളത്തില്‍ വയനാട് നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം രഹുല്‍ ഗാന്ധി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അഞ്ച് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധി ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നിലവില്‍ യുപിയില്‍ അമേഠിയില്‍നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. രാഹുലിനെതിരെ മത്സരിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അമേഠിയില്‍ വിജയസാധ്യതയെക്കുറിച്ച് ആശങ്കകളുയര്‍ന്ന സാഹചര്യത്തിലാണ് ഏറെക്കുറെ സുരക്ഷിത മണ്ഡലമായ വയനാട് സീറ്റിലേക്ക് രാഹുലിനായി നീക്കിവെക്കുന്നത്. ടി സിദ്ദിഖിന് വയനാട് സീറ്റ് ലഭിക്കാനായി ഏറെ ചരടുവലിച്ചയാളാണ് ഉമ്മന്‍ചാണ്ടി. വയനാട് സീറ്റിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.

Latest