നിയമ ലംഘനം; കര്‍ണാടകയില്‍ ഓല ബൈക്ക് ടാക്‌സികള്‍ക്ക് ആറു മാസം വിലക്ക്

Posted on: March 22, 2019 10:24 pm | Last updated: March 23, 2019 at 10:26 am

ബംഗളൂരു: കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓലക്ക് സര്‍ക്കാര്‍ ആറു മാസത്തെ വിലക്കേര്‍പ്പെടുത്തി. നാലുചക്ര വാഹനങ്ങള്‍ക്കുള്ള ലൈസന്‍സ് മാത്രം വച്ച് ബൈക്ക് ടാക്‌സികള്‍ ഓടിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ചുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ഉത്തരവ് ഓല ഓപ്പറേറ്റു ചെയ്യുന്ന എ എന്‍ ഐ ടെക്‌നോളജീസിന് കൈമാറി.

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നിയമ ലംഘനത്തിന് ഓലയുടെ നിരവധി ബൈക്ക് ടാക്‌സികളാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പിടിച്ചെടുത്തത്. സര്‍ക്കാര്‍ നടപടി നിര്‍ഭാഗ്യകരമാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും ഓല വക്താക്കള്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ഏറെ ദൂരം യാത്ര ചെയ്യാമെന്നതാണ് ബൈക്ക് ടാക്‌സികളുടെ പ്രത്യേകത.