Connect with us

National

ആര്‍ ജെ ഡിയോട് പ്രതിഷേധിച്ച് മഹാസഖ്യം വിട്ട് സി പി ഐ; കനയ്യയുടെ സ്ഥാനാര്‍ഥിത്വം ത്രിശങ്കുവില്‍

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ ബെഗുസരായില്‍ സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് രാഷ്ട്രീയ ജനതാദള്‍ കര്‍ശന നിലപാടെടുത്തതോടെ ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വം ത്രിശങ്കുവിലായി. മണ്ഡലത്തില്‍ സി പി ഐ സാരഥിയായി കനയ്യ കുമാര്‍ മത്സരിക്കുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, തങ്ങള്‍ക്ക് വന്‍ വോട്ടു ബേങ്കുള്ള ബെഗുസരായി സി പി ഐക്ക് വിട്ടുനല്‍കാനാകില്ലെന്ന് ബീഹാറിലെ മഹാ സഖ്യത്തിന്റെ ഭാഗമായ ആര്‍ ജെ ഡി നിലപാടെടുക്കുകയായിരുന്നു.

അഞ്ചു സീറ്റുകള്‍ വേണമെന്നായിരുന്നു സി പി ഐ ആവശ്യപ്പെട്ടത്. ഇത് നിരാകരിക്കപ്പെട്ടതോടെ ഒറ്റക്കു മത്സരിക്കാന്‍ സി പി ഐ തീരുമാനിക്കുകയായിരുന്നു.
ബെഗുസരായിയില്‍ സി പി ഐക്കു ശക്തമായ സ്വാധീനമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു തവണ വിജയിക്കുകയും ചെയ്തു. നിരവധി തവണ രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായി. ബി ജെ പിയാണ് മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ ജെ ഡിയാണ് രണ്ടാമതെത്തിയത്.

മുസ്‌ലിം വിഭാഗത്തിനും സ്വാധീനമുള്ള മണ്ഡലമാണിത്. കഴിഞ്ഞ തവണ 60,000 വോട്ടിന് പരാജയപ്പെട്ട തന്‍വീര്‍ ഹസനെ വീണ്ടും മത്സരിപ്പിക്കാനാണ് ആര്‍ ജെ ഡി തീരുമാനം. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗാണ് ഇത്തവണ ബെഗുസരായിയില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

Latest