Connect with us

National

നീരവ് മോദിയെ തിരികെയെത്തിക്കാന്‍ ഊര്‍ജിത ശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യവസായി നീരവ് മോദിയെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയെയും ഇന്ത്യക്കു കൈമാറിക്കിട്ടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും സഹകരിച്ചുള്ള ഇടപെടലാണ് നടത്തിവരുന്നത്. ബുധനാഴ്ച അറസ്റ്റിലായ നീരവിന് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

പി എന്‍ ബിയുമായി ബന്ധപ്പെട്ട് മോദിയും ബന്ധുക്കളും ചേര്‍ന്ന് 13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയതിന്റെയുള്‍പ്പടെ രേഖകള്‍ സഹിതം ഇന്ത്യന്‍ ഏജന്‍സികളെ പ്രതിനിധീകരിക്കുന്ന നിയമ വിദഗ്ധരുടെ സംഘം നേരത്തെ തന്നെ ലണ്ടനില്‍ എത്തിയിട്ടുണ്ട്. ആവശ്യമാണെങ്കില്‍ ഒരു സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ലണ്ടനിലേക്കു തിരിക്കും. നീരവ് കൈക്കലാക്കിയ പണം തിരിച്ചുപിടിക്കാനും നടപടികളെടുക്കുമെന്ന് ഏജന്‍സികള്‍ വ്യക്തമാക്കി.

നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള റോള്‍സ് റോയ്‌സ്, പോര്‍ഷെ, മെര്‍സിഡസ് ബെന്‍സ് ഉള്‍പ്പടെയുള്ള ആഡംബര കാറുകള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുംബൈ പ്രത്യേക കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നീരവ് സ്വന്തമാക്കിയിട്ടുള്ള 68 വിലയേറിയ പെയിന്റിംഗുകള്‍ ലേലത്തിനു വെക്കാന്‍ ആദായ നികുതി ഓഫീസിനും കോടതി അനുമതി നല്‍കി.