Connect with us

Kozhikode

തിരസ്‌കൃതരെ നവോത്ഥാന നായകരാക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളി: കാന്തപുരം

Published

|

Last Updated

എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവോത്ഥാന പ്രഭാഷണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകളിലെ മഹാഭൂരിപക്ഷവും തിരസ്‌കരിച്ച വ്യക്തികളെയും ചരിത്ര സന്ദർഭങ്ങളെയും നവോത്ഥാനമായി അവതരിപ്പിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

ഇവിടത്തെ യഥാർത്ഥ നവോത്ഥാന നായകർ മഖ്ദൂമുമാരും വെളിയങ്കോട് ഉമർ ഖാസിയും മമ്പുറം തങ്ങളുമടക്കമുള്ള നേതാക്കളാണ്.
അവർക്കാണ് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞത്. ഇസ്‌ലാം, വിശ്വാസം, ദർശനം എന്ന പ്രമേയത്തിൽ എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവോത്ഥാന പ്രഭാഷണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും മറ്റും രാജ്യത്തോട് ചേർന്നു നിന്ന് മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷത്തിന് വിവേകം നൽകിയും അവരുടെ വിശ്വാസം ആർജിച്ചെടുക്കാൻ കഴിഞ്ഞവരാണ് അവരെന്ന് കാന്തപുരം പറഞ്ഞു.

മുസ്‌ലിംകളിൽ ചെറിയൊരു വിഭാഗത്തെ പ്രതിനിധാനം ചെയ്ത വക്കം മൗലവിയേയും മറ്റും നവോത്ഥാനത്തിന്റെ മുൻനിരക്കാരായി കാണുന്നവർ ചരിത്രത്തോട് നീതി പുലർത്താത്തവരാണ്. അവരുടെ ശ്രമങ്ങളെ ജനങ്ങൾ അംഗീകരിച്ചില്ല എന്നതിന് തെളിവാണ് അവരുടെ പിന്നിൽ അണിനിരന്ന ചെറിയൊരു വിഭാഗം ജനത. ജനങ്ങളിൽ സ്‌നേഹം പഠിപ്പിക്കുന്നതിനു പകരം വിഭാഗീയതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചവരാണവരെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

Latest