ആരെ വിശ്വസിക്കണം; യോഗിയെയോ, കേന്ദ്രത്തെയോ?

Posted on: March 21, 2019 6:01 am | Last updated: March 20, 2019 at 11:15 pm

തന്റെ ഭരണ നേട്ടങ്ങളുടെ നീണ്ട ഒരു പട്ടിക അവതരിപ്പിച്ചിരിക്കുകയാണ് ലഖ്‌നോവിലെ പത്രസമ്മേളനത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 മാര്‍ച്ചില്‍ അദ്ദേഹം യു പിയുടെ ഭരണമേറ്റെടുത്തതു മുതല്‍ സംസ്ഥാനത്ത് ഒരു കലാപം പോലും അരങ്ങേറിയിട്ടില്ലത്രെ. യു പിയിലെ ക്രമസമാധാന നില രാജ്യത്തിനു തന്നെ മാതൃകയാണ്. യോഗി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ കടംകയറി മുടിഞ്ഞ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പതിവായിരുന്നു. കൊലപാതകങ്ങളും കൊള്ളയും കലാപങ്ങളും അരങ്ങേറിയിരുന്നു. ഇപ്പോഴതെല്ലാം അവസാനിച്ചു. ബി എസ് പി, എസ് പി ഭരണത്തില്‍ നഷ്ടമായ സംസ്ഥാനത്തിന്റെ പ്രതിഛായ ബി ജെ പി സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നു എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍.

നാല് മാസം മുമ്പ്, 2018 നവംബറില്‍ സീ ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെട്ടിരുന്നു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവരുടെ ഭരണകാലത്ത് ഒരു വര്‍ഗീയ കലാപം പോലും നടന്നിട്ടില്ലെന്ന്. 27 വര്‍ഷമായി തങ്ങള്‍ ഭരിക്കുന്ന ഗുജറാത്തിലും 15 വര്‍ഷക്കാലം ഭരിച്ച മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഒരു വര്‍ഗീയ ലഹള പോലും ഉണ്ടായിട്ടില്ലെന്നാണ് അമിത് ഷായുടെ അവകാശ വാദം. എന്നാല്‍ 2018 ഫെബ്രുവരി ആറിന് മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത,് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് 195 വര്‍ഗീയ കലാപങ്ങള്‍ നടന്നുവെന്നാണ്. 2017ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങളുണ്ടായ സംസ്ഥാനവും യു പിയാണ്. യോഗി സര്‍ക്കാറിന്റെ ആദ്യത്തെ അഞ്ച് മാസത്തില്‍ 660 വര്‍ഗീയ സംഘട്ടനങ്ങളാണ് നടന്നത്. യോഗി ഭരണത്തില്‍ യു പിയില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം 40 ശതമാനമായി വര്‍ധിച്ചതായി എസ് പി നേതാവ് അഖിലേഷ് യാദവ് പറയുന്നു. ഉത്പാദനം ഉയര്‍ന്നിട്ടും വിപണിയില്‍ വിലയിടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം യു പിയിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ മുഖ്യമന്ത്രിയുടെ വീടിന് പുറത്ത് തങ്ങളുടെ ഉത്പന്നങ്ങള്‍ വലിച്ചെറിഞ്ഞാണ് പ്രതിഷേധം നടത്തിയത്. സംസ്ഥാനത്ത് 36,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നായിരുന്നു അധികാരത്തിലേറിയ ഉടനെ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം. ആദ്യഘട്ടത്തില്‍ 50,000 രൂപ വരെ എഴുതിത്തള്ളുമെന്നും പ്രഖ്യാപിച്ചു. ഇതു വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ക്ക് ലഭിച്ചതോ 10 രൂപ മുതല്‍ 215 രൂപ വരെയുള്ള തുകകള്‍ എഴുതിത്തള്ളിയതിന്റെ സര്‍ട്ടിഫിക്കറ്റും.
വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ യോഗി സര്‍ക്കാര്‍ ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍വാധികം വര്‍ധിച്ചിരിക്കുന്നു. “സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം-17’ന്റെ മറവില്‍ യു പിയില്‍ പോലീസ് മതന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് കൊന്നൊടുക്കുകയാണ്. 2017 മാര്‍ച്ച് മുതല്‍ 2018 ജൂലൈ വരെയുള്ള 16 മാസത്തിനിടെ 3,026 ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത് നടന്നത്. ഇതില്‍ 69 പേര്‍ വധിക്കപ്പെടുകയും 838 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ഒട്ടേറെ പേര്‍ ജീവച്ഛവങ്ങളായി കഴിയുകയാണ്. പോലീസ് ഏറ്റുമുട്ടലില്‍ പലതും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം കണ്ടെത്തിയിട്ടുണ്ട്. യോഗി വരുന്നതിനു മുമ്പ് സംഘ്പരിവാര്‍ പ്രവര്‍ത്തകരായിരുന്നു മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയിരുന്നതെങ്കില്‍ അദ്ദേഹം വന്ന ശേഷം ആ കൃത്യം നിയമപാലകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നരേന്ദ്ര മോദി ഭരണകാലത്തെ ഗുജറാത്ത് പതിപ്പാണ് ഇപ്പോള്‍ യു പിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. യു പിയിലെ ഭരണകൂട ഭീകരതയില്‍ സുപ്രീം കോടതി അടുത്തിടെ കടുത്ത ആശങ്ക രേഖപ്പെടുത്തിയതും വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചതും അടുത്തിടെയാണ്.

ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പാര്‍ട്ടി 27 വര്‍ഷമായി ഭരണത്തിലിരിക്കുന്ന ഗുജറാത്തില്‍ ഒരൊറ്റ വര്‍ഗീയ കലാപം പോലും നടന്നിട്ടില്ലെന്ന് അമിത്ഷാ പറയുമ്പോള്‍, 1998ല്‍ ബി ജെ പി അധികാരത്തിലേറിയത് മുതല്‍ 2016 വരെയായി അവിടെ 35,568 കലാപങ്ങള്‍ നടന്നുവെന്നാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കൂട്ടത്തില്‍ 2002ല്‍ മോദിയുടെ ഭരണകാലത്ത് നടന്ന മുസ്‌ലിം വംശഹത്യ ഏറ്റവും ക്രൂരവും ഭയാനകവുമായിരുന്നു. 2005 മെയ് 11 ന് ദേശീയ ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച ഔദ്യോഗിക കണക്ക് പ്രകാരം 2002ലെ ഗുജറാത്ത് വംശഹത്യയില്‍ 1,044 പേര്‍ കൊല്ലപ്പെടുകയും 223 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 2,500 പേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ സംഭവിച്ചതായും ദേശീയ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്കുപ്രകാരം മരണ സംഖ്യ രണ്ടായിരത്തിലും കൂടുതലാണ്. മധ്യപ്രദേശില്‍ 2003-2016 കാലഘട്ടങ്ങളിലായി നടന്നത് 32,050 വര്‍ഗീയ കലാപങ്ങളാണ്. എന്‍ സി ആര്‍ ബിയുടെ കണക്കനുസരിച്ചു ഛത്തിസ്ഗഢില്‍ 2003 മുതല്‍ 2016 വരെ 12,265 വര്‍ഗീയ കലാപങ്ങള്‍ നടന്നു. ബി ജെ പി സര്‍ക്കാറായിരുന്നു ഇക്കാലയളവില്‍ ഭരണത്തില്‍.
ബി ജെ പി ഭരണം ഇന്ത്യന്‍ ജനതക്ക് കൊടിയ ദുരിതമാണെന്ന് ഇന്ത്യന്‍ കോടതികളും മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, അന്താരാഷ്ട്ര ഏജന്‍സികളും നിരീക്ഷിക്കുന്നുണ്ട്. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് യു എസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്ട് ഇതിനിടെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ബി ജെ പിയുടെ നയങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കിയെന്നും നിലവിലെ ഇന്ത്യന്‍ സാഹചര്യം അതീവ ഗുരുതരമാണെന്നുമാണ്. ഇന്ത്യയിലെ വര്‍ഗീയ കലാപം ആഗോള ഭീഷണിയാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. യോഗിയുടെയും അമിത് ഷായുടെയും അവകാശവാദങ്ങളെ നിരാകരിക്കുന്നത് രാഷ്ട്രീയ പ്രതിയോഗികളല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുമാണ്. പൊതുജനം ആരെ വിശ്വസിക്കണം?