Connect with us

National

ഹിസ്ബുല്‍ തലവന്റെ 1.22 കോടി വിലവരുന്ന വസ്തുവഹകള്‍ കണ്ടുകെട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകര ഗ്രൂപ്പിന്റെ തലവന്‍ സയ്യിദ് സലാഹുദ്ദീനെതിരായ കേസില്‍ 1.22 കോടി വിലവരുന്ന ജമ്മു കശ്മീരിലെ 13 വസ്തുവഹകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയ കേസിലാണ് ജമ്മു കശ്മീരിലുള്ള ഇത്രയും വസ്തുവഹകള്‍ കണ്ടുകെട്ടിയത്.

ഹിസ്ബുല്‍ മുജാഹിദീനു വേണ്ടി പ്രവര്‍ത്തിച്ച ബന്ദിപുര നിവാസിയായ മുഹമ്മദ് ഷാഫി ഷായുടെയും ജമ്മു കശ്മീര്‍ സ്വദേശികളായ മറ്റ് ആറു പേരുടെയും പേരിലുള്ളതാണ് ഇവ. യു എ പി എ പ്രകാരം സയ്യിദ് സലാഹുദ്ദീനും മറ്റുള്ളവര്‍ക്കുമെതിരെ കുറ്റപത്രം ഫയല്‍ ചെയ്തതായി ഇ ഡി വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ ഭീകരവാദ-വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് സാമ്പത്തിക സഹായം ചെയ്യുന്ന പ്രധാന സംഘടനയാണ് ഹിസ്ബുല്‍ മുജാഹിദീനെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഹവാല ഉള്‍പ്പടെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാനില്‍ നിന്ന് ധനസഹായം ഇന്ത്യയിലെത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Latest