ജെറ്റ് എയര്‍വേയ്‌സില്‍ പ്രതിസന്ധി രൂക്ഷം; പൈലറ്റുമാര്‍ സമരത്തിലേക്ക്

Posted on: March 19, 2019 9:33 pm | Last updated: March 19, 2019 at 11:47 pm

ന്യൂഡല്‍ഹി: നൂറുകോടി ഡോളറില്‍പരം കടക്കെണിയില്‍ കുടുങ്ങി നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്‌സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പൈലറ്റുമാരുടെ സമര ഭീഷണി. വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പൈലറ്റുമാര്‍ സമരത്തിലേക്കു നീങ്ങുന്നത്. സര്‍വീസുകള്‍ വെട്ടിക്കുറക്കുകയും റദ്ദാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ടിക്കറ്റ് ചാര്‍ജ് തിരികെ തരണമെന്ന് യാത്രക്കാര്‍ മുറവിളികൂട്ടി തുടങ്ങിയതും സ്ഥിതി വഷളാക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബേങ്ക് അടവുകള്‍ അടയ്ക്കാനോ, വിതരണക്കാര്‍ക്കും പൈലറ്റുമാര്‍ക്കും മറ്റുമുള്ള പ്രതിഫലവും വാടകയുമൊന്നും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കമ്പനി.
പ്രതിസന്ധി രൂക്ഷമായതോടെ നൂറുകണക്കിന് ഫ്‌ളൈറ്റുകളാണ് ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കിയത്. പല സര്‍വീസുകളും അവസാന മിനുട്ടില്‍ റദ്ദാക്കിയത് യാത്രക്കാരില്‍ നിന്ന് വന്‍ പ്രതിഷേധമുയരാന്‍ ഇടയാക്കിയിട്ടുണ്ട്. പലരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതിഷേധമുയര്‍ത്തുന്നത്.

41 സര്‍വീസുകള്‍ മാത്രമാണ് നിലവില്‍ ജെറ്റ് നടത്തുന്നത്. യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്നു മാത്രം. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

റദ്ദാക്കിയ ഫ്‌ളൈറ്റുകളുടെ ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി യാത്രക്കാര്‍ മുംബൈയിലെ ജെറ്റ് ഓഫീസുകള്‍ക്കു മുമ്പില്‍ ബഹളമുണ്ടാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 31നകം തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ വിമാനം പറത്തില്ലെന്ന് പൈലറ്റുമാരുടെ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.