പൗരത്വം പിടിച്ചുലച്ച വടക്കുകിഴക്ക്

Posted on: March 19, 2019 5:03 pm | Last updated: March 19, 2019 at 5:03 pm

ഗുവാഹത്തി: അടുത്തടുത്തുള്ള ഏഴ് സംസ്ഥാനങ്ങൾ ചേർന്ന് സപ്ത സഹോദരിമാർ എന്നറിയപ്പെടുന്നതാണ് രാജ്യത്തിന്റെ വടക്കുകിഴൻ മേഖല. അസാം, തൃപുര, മിസോറാം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മേഘാലയ, സിക്കിം എന്നിവയാണ് ആ സംസ്ഥാനങ്ങൾ. മ്യാന്മർ, ചൈന, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി ഈ സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്നു. പൗരത്വ ബിൽ ഭേദഗതിയോടെ ഈ മേഖലയുടെ രാഷ്ട്രീയ ചിത്രം മാറുകയാണ്.
ചെറിയ സംസ്ഥാനങ്ങൾ, ലോകസഭാ മണ്ഡലങ്ങൾ വിരലിലെണ്ണാവുന്നത്രയും മാത്രം. എങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇവിടേക്കും അവരുടെ സവിശേഷ ശ്രദ്ധ ഊന്നുകയാണ്. 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നല്ല അടിത്തറയുണ്ടായിരുന്നു. പിന്നീട്, പ്രാദേശിക കക്ഷികളുമായി കൂട്ടുപിടിച്ച് ബി ജെ പി നയിക്കുന്ന എൻ ഡി എ അവിടങ്ങളിലെല്ലാം അധികാരത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതിനിടെയാണ് കേന്ദ്ര സർക്കാർ പൗരത്വ ബിൽ ഭേദഗതി കൊണ്ടുവന്നത്.

ഇതോടെ തിരഞ്ഞെടുപ്പ് ചിത്രം പ്രവചനാതീതമായിരിക്കുന്നു. 1990 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ മേഖലയിലെ രാഷ്ട്രീയ മാറ്റം മനസ്സിലാക്കാം.

1991

ഈ വർഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 68.9 ശതമാനം വോട്ട് വിഹിതവുമായി അരുണാചലിൽ രണ്ട് സീറ്റുകൾ നേടി. മണിപ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ ഓരോ സീറ്റ് കോൺഗ്രസും എം പി പിയു നേടി. മേഘാലയയിലെ രണ്ട് സീറ്റും മിസോറാമിലെ ഏക സീറ്റും കോൺഗ്രസിനൊപ്പം നിന്നു. നാഗാലാൻഡിന്റെ ഏക സീറ്റിൽ എൻ പി സിയാണ് ജയിച്ചത്. സിക്കിമിൽ സിക്കിം സംഗ്രാം പരിഷദിനായിരുന്നു ഏക സീറ്റിൽ ജയം. ത്രിപുരയിലാകട്ടെ 82.8 ശതമാനം വോട്ട് വിഹിതവുമായി രണ്ട് സീറ്റുകളും കോൺഗ്രസിനൊപ്പം നിന്നു.

1996

അരുണാചൽ രണ്ട് സീറ്റും കോൺഗ്രസിനെ വിട്ട് സ്വതന്ത്രർക്കൊപ്പം പോയി. മണിപ്പൂരിൽ രണ്ടാം സീറ്റും കോൺഗ്രസ് പിടിച്ചെടുത്തു. അപ്പോൾ മേഘാലയയിലെ രണ്ടിൽ ഒരു സീറ്റ് കോൺഗ്രസിനെ കൈയൊഴിഞ്ഞു. മിസോറാമിനൊപ്പം നാഗാലാൻഡിലെ ഏക സീറ്റും കോൺഗ്രസിന് ലഭിച്ചു. സിക്കിമിൽ സിക്കിം ഡമോക്രാറ്റിക് പാർട്ടിക്കായിരുന്നു ജയം. ത്രിപുരയിൽ ചിത്രം മാറി. കോൺഗ്രസ് വലിയ തിരിച്ചടി നേരിട്ടപ്പോൾ രണ്ട് സീറ്റുകളും സി പി എമ്മിന് ലഭിച്ചു.

1998

അരുണാചൽ പ്രദേശിൽ രണ്ട് സീറ്റുകളും അരുണാചൽ കോൺഗ്രസ് നേടി. മണിപ്പൂരിൽ മണിപ്പൂർ സംസ്ഥാന കോൺഗ്രസ് പാർട്ടിയും സി പി ഐയും ഓരോ സീറ്റ് നേടി. മേഘാലയ പൂർണമായും കോൺഗ്രസിനൊപ്പം. സിക്കിമിൽ എസ് ഡി എഫ്. മിസോറാമിൽ സ്വതന്ത്രൻ, നാഗാലാൻഡിൽ കോൺഗ്രസ്. ത്രിപുരയിൽ സി പി എം തന്നെ.

1999

രണ്ട് സീറ്റും നിലനിർത്തി കോൺഗ്രസ് അരുണാചലിൽ ശക്തി വീണ്ടെടുത്തു. മണിപ്പൂരിൽ എം എസ് സി പി-1, എൻ സി പി-1. മേഘാലയയിൽ കോൺഗ്രസ്-1 എൻ സി പി-1. മിസോറാമിൽ വീണ്ടും കോൺഗ്രസ്. സിക്കിമിൽ എസ് ഡി എഫ് തന്നെ. ത്രുപരയിൽ വീണ്ടും വോട്ട് വിഹിതം കൂട്ടി സി പി എം കരുത്താർജിക്കുന്നു.

2004

ബി. ജെ പിയുടെ കടന്നുകയറ്റം അരുണാചലിലൂടെ. 53.9 ശതമാനം വോട്ടുവിഹിതവുമായി രണ്ട് സീറ്റും അവരുടെ കൈയിൽ. മണിപ്പൂരിൽ കോൺഗ്രസ്-1, സ്വതന്ത്രൻ-1. മേഘാലയയിൽ ഒരു സീറ്റ് കോൺഗ്രസ് നിലനിർത്തിയപ്പോൾ രണ്ടാം സീറ്റ് മമതയുടെ തൃണമൂലിനൊപ്പം പോയി. മിസോറാമിൽ എം എൻ എഫും നാഗാലാൻഡിൽ എൻ പി എഫും ഏക സീറ്റുകളിൽ ജയിച്ചു. സിക്കിമിൽ അടിത്തറ വിപുലമാക്കി എസ് ഡി എഫ് വിജയം ആവർത്തിച്ചു. ത്രിപുര കൂടുതൽ ചുവന്ന് സി പി എമ്മിനൊപ്പം തന്നെ നിന്നു.

2009

അരുണാചലിൽ കോൺഗ്രസിന്റെ ഗംഭീരമായി തിരിച്ചുവരവിൽ ബി ജെ പിയിൽ നിന്ന് രണ്ട് സീറ്റും തിരിച്ചുപിടിച്ചു. മണിപ്പൂരിലും രണ്ട് സീറ്റും കോൺഗ്രസിന്. മേഘാലയയിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയപ്പോൾ തൃണമൂലിന്റെ സീറ്റ് എൻ സി പി പിടിച്ചെടുത്തു. മിസോറാമിൽ കോൺഗ്രസ് തിരിച്ചുവന്നു. നാഗാലാൻഡിൽ എൻ പി എഫ്, സിക്കിമിൽ എസ് ഡി എഫ്, ത്രിപുരയിൽ സി പി എം.

2014

കടുത്ത മത്സരം നടന്നപ്പോൾ അരുണാചലിൽ ഓരോ സീറ്റ് ബി ജെ പിക്കും കോൺഗ്രസിനുമൊപ്പമായി. മണിപ്പൂരിലെ രണ്ട് സീറ്റ് ജയം കോൺഗ്രസ് ആവർത്തിച്ചു. മേഘാലയയിൽ ഒരു സീറ്റ് കോൺഗ്രസിനും ഒരു സീറ്റ് നാഷനൽ പീപ്പിൾസ് പാർട്ടിക്കും (എൻ പി പി) ലഭിച്ചു. മിസോറാമിലെ ഏക സീറ്റ് കോൺഗ്രസിന് തന്നെ. നാഗാലാൻഡിൽ എൻ പി പിയും സിക്കിമിൽ എസ് ഡി എഫും ത്രിപുരയിൽ സി പി എമ്മും സമാന വിജയം ആവർത്തിച്ചു.

 

‘ഡി’ വോട്ടർമാരുടെ അസാം

ഗുവാഹത്തി: പൗരത്വ പ്രശ്‌നം പ്രധാന പ്രചാരണ വിഷയമാകുന്ന അസാമില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് 1.2 ലക്ഷം വോട്ടര്‍മാരാണ്. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിന് നേരെ ‘ഡി’ (ഡൗട്ട്ഫുള്‍- സംശയാസ്പദം) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ പേരിന് നേരെയാണ് വോട്ടര്‍ പട്ടികയില്‍ ഡി എന്ന് രേഖപ്പെടുത്തുക.
1997ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് ഈ രീതി കൊണ്ടുവന്നത്. എന്നാല്‍, ഇവിടെയല്ലാതെ രാജ്യത്തിന്റെ മറ്റൊരിടത്തും ഡി വോട്ടര്‍മാരില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഡി വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സാധിച്ചിരുന്നില്ല.
പെബ്രുവരി ആറിന് പുറത്തുവിട്ട പട്ടിക പ്രകാരം 1.2 ലക്ഷം ഡി വോട്ടര്‍മാരാണുള്ളത്. അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിടുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് അസാം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുകേഷ് ചന്ദ്ര സാഹു പറഞ്ഞു. അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക്, വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിന് വേണ്ടി 3.3 കോടി അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 40.08 ലക്ഷം ആളുകളുടെ അപേക്ഷ തള്ളിയിരുന്നു.
വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍, അവസാന പരിഷ്‌കരണത്തിന് ശേഷം 7.17 ലക്ഷം കന്നി വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2.17 കോടി വോട്ടര്‍മാര്‍ പുതുതായി ഇടം നേടിയിട്ടുണ്ട്.
14 മണ്ഡലങ്ങളുള്ള അസാമില്‍ ഏപ്രില്‍ 11, 18, 23 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ ദിസ്പൂര്‍, കലിയാബോര്‍, ജോരാഹ്ത്, ദിബ്രുഗഢ്, ലഖിംപൂര്‍ എന്നിവയും രണ്ടാം ഘട്ടത്തില്‍ കരിംഗഞ്ച്, സില്‍ചാര്‍, സ്വയംഭരണ ജില്ല, മംഗള്‍ദോയ്, നവ്‌ഗോംഗ് എന്നിവയും മൂന്നാം ഘട്ടത്തില്‍ ധുബ്രി, കോക്രാഝര്‍, ബാര്‍പേത, ഗൗഹാടി എന്നിവയും ജനവിധി തേടും.