Connect with us

Palakkad

പരിഹാരമില്ലാതെ പ്ലാച്ചിമട

Published

|

Last Updated

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥിചിത്രം ഏറെക്കുറെ പൂർത്തിയായെങ്കിലും പ്ലാച്ചിമടയും പറമ്പിക്കുളവും ഈ നാട്ടുകാരുടെ ഓർമകളിൽ മായാതെ നിൽക്കുകയാണ്. 2002 മുതൽ കൊക്കോകോള കമ്പനിയുടെ ജലചൂഷണത്തിനെതിരെയും പരിസ്ഥിതി മലിനീകരണത്തിനെതിരെയും സമരം തുടങ്ങിയ പ്ലാച്ചിമട വിഷയം 2004 ൽ കമ്പനി അടച്ച് പൂട്ടിയിട്ടും തീരാവ്യാധിയായി രാഷ്ട്രീയക്കാരെ വേട്ടയാടുകയാണ്. പി കെ ബിജു തുടർച്ചയായി മൂന്നാം തവണയാണ് ജനവിധി തേടുന്നത്.

ഇതുവരെ യു പി എ, ബി ജെ പി സർക്കാറുകളെ പഴിചാരി മുന്നോട്ട് പോയെങ്കിലും ഇത്തവണ എങ്ങനെ ഈ വിഷയം നേരിടണമെന്ന് അറിയാതെ കുഴങ്ങുകയാണ് എൽഡിഎഫ്. പുതുമുഖങ്ങളായ യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനും ബി ഡി ജെ എസ് സ്ഥാനാർഥി ടി വി ബാബുവിനും നിലവിലെ എം പിയുടെ കഴിവ് കേടാണ് പ്രശ്‌നം പരിഹരിക്കാത്തതിന് പിന്നിലെന്ന് പറഞ്ഞുനിൽക്കാമെങ്കിലും നിങ്ങൾ പ്രാതിനിധ്യം ചെയ്യുന്ന പാർട്ടികൾ ഭരിച്ചിട്ടും എന്ത് നടപടിയുണ്ടായി എന്ന ചോദ്യത്തിന് മറുപടി പറയാൻ ക്ലേശിക്കേണ്ടി വരും. സ്ഥാനാർഥികൾ ഈ വിഷയം പ്രചാരണത്തിന് ഉയർത്തിയില്ലെങ്കിലും രാഷ്ട്രപതി മടക്കിയ ബില്ലിൻമേൽ സംസ്ഥാനം വ്യക്തത വരുത്താത്തതും നഷ്ടപരിഹാരം നൽകാത്തതും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്ലാച്ചിമടക്കാർ പറയുന്നു.

ആലത്തൂർ മണ്ഡലത്തിലെ കിഴക്കൻ പ്രദേശമാണ് പ്ലാച്ചിമട. കുടിവെള്ള പ്രശ്‌നത്തിനൊപ്പം ട്രൈബ്യൂനൽ ബിൽ തന്നെയാണ് ഇവിടെ ഇപ്പോഴും പ്രധാന ചർച്ച. കൊക്കക്കോള കമ്പനി ജലചൂഷണം നടത്തുന്നെന്ന പരാതിയെത്തുടർന്ന്, 2009ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തി. പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന് റിപ്പോർട്ടും നൽകി.

2011ൽ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാൽ, വ്യക്തതക്കുറവിന്റെ പേരിൽ ബില്ല് മടക്കി. സംസ്ഥാന സർക്കാർ ഇതിന് വിശദീകരണം നൽകിയെങ്കിലും ഒന്നുമായില്ല. വീണ്ടും ഒരുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പ്രതിഷേധം ശക്തമാക്കുകയാണ് പ്ലാച്ചിമടക്കാർ. പ്ലാച്ചിമട സ്ഥിതിചെയ്യുന്ന പെരുമാട്ടി പഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണിയാണെങ്കിലും ട്രൈബ്യൂനൽ ബിൽ പ്രശ്‌നത്തിൽ സർക്കാറിനെതിരാണ് പഞ്ചായത്തും. ഈ സാഹചര്യത്തിലാണ് പെരുമാട്ടിയിലേയും സമീപ പ്രദേശങ്ങളിലെയും ആളുകളെ അണിനിരത്തി സമരസമിതി പ്രതിഷേധത്തിനിറങ്ങുന്നത്. പറമ്പിക്കുളത്ത് നിന്ന് കേരളത്തിന് അർഹതപ്പെട്ട ജലം കിട്ടാത്തത് മൂലം ആലത്തൂർ മണ്ഡലത്തിൽപ്പെട്ട കിഴക്കൻമേഖല രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. കുടിവെള്ള പ്രശ്‌നമുയർത്തി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചിറ്റൂരിലെ ആർ ബി സി കൂട്ടായ്മ നോട്ടക്ക് നൽകിയത് 21,417 വോട്ടാണ്. ഇത്തവണയും ഇത് ആവർത്തിച്ചാൽ ആരുടെ വിജയപരാജയത്തെ സ്വാധീനിക്കുമെന്നാണ് ഇനി അറിയേണ്ടത്.