Connect with us

Kerala

കാസര്‍കോട് കോണ്‍ഗ്രസിലെ തര്‍ക്കം: ഉണ്ണിത്താന്റെ പ്രചാരണത്തില്‍ മങ്ങല്‍

Published

|

Last Updated

കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ കാസര്‍കോട് കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി രൂക്ഷം. പ്രചാരണ രംഗത്ത് ഡി സി സി
പ്രസിഡന്റ് ഹക്കീം കുന്നില്‍ എടുക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് സ്ഥനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. ഹക്കീം കുന്നിലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്നാണ് ഉണ്ണിത്താന്റെ നിലപാട്. നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നതുവരെ പ്രചാരണ രംഗത്ത് നിന്ന് മാറിനില്‍ക്കാനാണ് ഉണ്ണിത്താന്റെ തീരുമാനം. ഇന്ന് ചെര്‍ക്കളയില്‍ നടത്താനിരുന്ന പ്രചാരണപരിപാടി ഉണ്ണിത്താന്‍ ഉപേക്ഷിച്ചു.

പ്രചാരണ രംഗത്തിന് ഒരു രൂപരേഖയും ഇല്ലെന്നും പ്രസിഡന്റ് തോന്നിയ പോലെ പ്രചാരണം മുന്നോട്ടുകൊണ്ടുപോകുകയുമാണെന്നാണ് ഉണ്ണിത്താന്റെ വിമര്‍ശനം. ഏകാധിപതിയെപ്പോലെ പെരുമാറുന്ന പ്രസിഡന്റിന്റെ താളത്തിനനുസരിച്ച് തുള്ളാന്‍ ആവില്ല. സ്ഥാനാര്‍ഥി പ്രഖ്യാപന ശേഷം ആദ്യ ദിവസം കാസര്‍കോട് എത്തിയ തനിക്ക് ഉച്ചഭക്ഷണം പോലും ലഭിച്ചില്ലെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തുന്നു.

നേരത്തെ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ കാസര്‍കോട് പ്രതിഷേധം തുടങ്ങിയിരുന്നു. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുബയ്യ റൈക്ക് സീറ്റ് നല്‍കണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ പ്രാദേശിക താത്പര്യം പൂര്‍ണമായും അവഗണിച്ച് ഉണ്ണിത്താനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഡി സി സിയില്‍ നിന്ന് ഏതാനും ഭാരവാഹികള്‍ രാജിക്കൊരുങ്ങി. എന്നാല്‍ നേതൃത്വം ഇടപെട്ട് ഇവരെ  പിന്തിരിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഉണ്ണിത്താനെതിരെ പാര്‍ട്ടിയില ഒരു വിഭാഗം ചലിക്കുമെന്ന ആരോപണം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ ഉണ്ണിത്താന്‍ നടത്തിയ പരസ്യ വിമര്‍ശം ഇത് ശരിവെക്കുന്നു.

എല്‍ ഡി എഫ് പ്രചാരണ പരിപാടിയുമായി ഏറെ മുന്നോട്ട് പോയെങ്കിലും അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന് യു ഡി എഫിന് ഒറ്റക്കെട്ടായി രഗത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കാസര്‍ക്കോട്ടെ രൂക്ഷ പ്രതിസന്ധി പരിഹരിക്കാന്‍ യു ഡി എഫ് ജില്ലാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കാസര്‍കോട് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും എല്ലാം പാര്‍ട്ടി നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചിട്ടുണ്ട്.