Connect with us

Kozhikode

വെസ്റ്റ് നൈൽ; അതിവേഗം തിരിച്ചറിഞ്ഞത് പ്രതിരോധം എളുപ്പമാക്കി

Published

|

Last Updated

വേങ്ങര: ഏ ആർ നഗറിൽ വെസ്റ്റ് നൈൽ പനി ബാധിച്ചത് വേഗത്തിൽ തിരിച്ചറിഞ്ഞത് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാൻ എളുപ്പമായി. ലക്ഷണങ്ങൾ കൊണ്ട് പലപ്പോഴും കണ്ടെത്താൻ കഴിയാത്ത രോഗത്തെ അതിവേഗമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിരീകരിച്ചത്.

വേങ്ങര ബ്ലോക്കിലെ എ ആർ നഗർ കൊടൂവായൂരിലെ മുഹമ്മദ് ഷാനെ പനിയും ജലദോഷവും ബാധിച്ച് കഴിഞ്ഞ ഫെബ്രവരി 21ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് 25ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് ആറിനാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
അന്നുതന്നെ രോഗത്തിന്റെ ഗൗരവാസ്ഥ ബോധ്യപ്പെട്ട ഡോക്ടർമാർ രക്തസാമ്പിളുകൾ വിവിധ പരീക്ഷണ ശാലകളിലേക്ക് അയച്ചിരുന്നു. തുടർന്ന് മാർച്ച് എട്ടിനാണ് രോഗം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്.
മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയിലൂടെ കൊതുക് മാർഗമാണ് രോഗം പകരുന്നത്. അപൂർവമായി റിപ്പോർട്ട് ചെയ്ത രോഗമാണെന്ന് തിരിച്ചറിഞ്ഞതോടെ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു.

1937ൽ ആദ്യമായി ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് ആദ്യം ഈ രോഗം കണ്ടെത്തിയത്. വെസ്റ്റ് നൈൽ എന്ന ജില്ലയിൽ കണ്ടെത്തിയ രോഗമായതിനാലാണ് ആ പേരിൽ അറിയപ്പെട്ടത്. കേരളത്തിൽ 2011ലും 2013 ലും ഏറ്റവും അവസാനമായി 2018 ആഗസ്റ്റിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2013ൽ ഇതേ പനി ബാധിച്ച ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരണപ്പെട്ടിരുന്നു. വേങ്ങരയിൽ എട്ടിന് തന്നെ ഡി എം ഒ കെ സക്കീനയുടെ നിർദേശപ്രകാരം മെഡിക്കൽ ടീം ഏ ആർ നഗറിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

തുടർന്നുള്ള ദിവസങ്ങളിൽ സ്റ്റേറ്റ് എപ്പിഡമോളജി യൂനിറ്റ്, ജില്ലാ വെക്ടറൽ കൺട്രോൾ യൂനിറ്റ്, ജില്ലാ വെറ്റിറിനറി യൂനിറ്റ് പരിശോധന നടത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ മൂന്ന് മുതൽ 14 ദിവസം വരെ എടുക്കും. ഇന്നലെ ഡി എം ഒ. ഡോ. സക്കീന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഏ ആർ നഗറിലെ 86 വീടുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.