കലാഭവന്‍ മണിയുടെ മരണം: നുണപരിശോധന ഇന്ന് തുടങ്ങും

Posted on: March 19, 2019 10:11 am | Last updated: March 19, 2019 at 1:00 pm

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായി നുണ പരിശോധന ഇന്ന് തുടങ്ങും.മണിയുടെ അടുത്ത സുഹൃത്തുക്കളേയും അടുപ്പമുണ്ടായിരുന്ന മറ്റ് ചിലരേയുമാണ് സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നും നാളെയുമായി നുണപരിശോധനക്ക് വിധേയമാക്കുക.

മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റിയന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എംജി വിപിന്‍, സുഹൃത്ത് അരുണ്‍ എന്നിവരെ ഇന്ന് നുണ പരിശോധനക്ക് വിധേയരാക്കും. കെ സി മുരുകന്‍, അനില്‍ കുമാര്‍ എന്നിവരുടെ നുണപരിശോധന നാളെ നടത്തും. സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരേയും നുണപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായുള്ള അനുമതി നേരത്തെ ഇരുവരും നല്‍കിയിരുന്നു. 2016 മാര്‍ച്ച് ആറിനാണ് മണി മരിക്കുന്നത്. ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയുണ്ടാക്കിയത്.