Connect with us

National

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു

Published

|

Last Updated

പനാജി: അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും നിലവിലെ സ്പീക്കറുമായ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പുലര്‍ച്ചെ 1.50ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മനോഹര്‍ പരീക്കറുടെ വിയോഗത്തെത്തുടര്‍ന്ന് സഖ്യകക്ഷികളും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചെങ്കിലും സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.

രാത്രി 11നു സത്യപ്രതിജ്ഞ എന്നാണു പ്രഖ്യാപിച്ചതെങ്കിലും റദ്ദാക്കിയതായി രാത്രി വൈകിട്ടോടെ അറിയിപ്പു വന്നു.പിന്നീടു പുലര്‍ച്ചെയാണു സത്യപ്രതിജ്ഞ നടന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. സഖ്യകക്ഷികളായ എംജിപിയുടെ സുദിന്‍ ധവാലികര്‍, ജിപിഎഫിന്റെ വിജയ് സര്‍ദേശായ് എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കിയാണ് ബിജെപി മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തിയത്. 40 അംഗ നിയമസഭയില്‍ പരീക്കറുടേത് ഉള്‍പ്പെടെ 4 ഒഴിവുകള്‍ കഴിഞ്ഞാല്‍ 36 അംഗങ്ങളാണു നിലവിലുള്ളത്. ബിജെപിക്കു 12 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ച എംജിപിക്കും ജിപിഎഫിനുമുള്ളത് 3 എംഎല്‍എമാര്‍ വീതം. 14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുവെങ്കിലും മറ്റ് കക്ഷികളുമായി സഖ്യശ്രമം നടത്തിയില്ല.

Latest