പാഠപുസ്തകത്തില്‍ നിന്ന് നവോഥാന മുന്നേറ്റങ്ങള്‍ ഒഴിവാക്കിയ നടപടി; അപലപിച്ച് മുഖ്യമന്ത്രി

Posted on: March 18, 2019 11:33 pm | Last updated: March 18, 2019 at 11:33 pm

തിരുവനന്തപുരം: എന്‍ സി ഇ ആര്‍ ടിയുടെ ഒമ്പതാം ക്ലാസ് ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് നവോഥാന മുന്നേറ്റങ്ങള്‍ ഒഴിവാക്കിയതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തിരുത്തിയെഴുതുന്ന സംഘ്പരിവാര്‍ നടപടിയുടെ ഭാഗമാണിത്. നവോഥാന മൂല്യങ്ങളെ പുതു തലമുറക്ക് പകരാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.

ദളിതരും മറ്റു പിന്നാക്ക വിഭാഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സമരങ്ങളെ തമസ്‌കരിക്കുന്ന നടപടിയാണിത്. നവോഥാന മൂല്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തി സമത്വത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്ന ഘട്ടത്തിലാണ് തികച്ചും പ്രതിഷേധാര്‍ഹമായ നിലപാട് എന്‍ സി ഇ ആര്‍ ടിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.