Connect with us

National

കാവല്‍ക്കാരനുള്ളത് സമ്പന്നര്‍ക്കു മാത്രമാണെന്നാണ് രാജ്യത്തെ കര്‍ഷകര്‍ പറയുന്നത്: പ്രിയങ്ക

Published

|

Last Updated

പ്രയാഗ്‌രാജ്: കാവല്‍ക്കാരനുള്ളത് സമ്പന്നര്‍ക്കാണെന്നാണ് രാജ്യത്തെ കര്‍ഷകര്‍ പറയുന്നതെന്ന് കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി ജെ പിയുടെ “ഞാനും കാവല്‍ക്കാരനാണ്” (മേം ഭി ചൗക്കിദാര്‍) എന്ന പ്രചാരണ കാമ്പയിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

“ഇന്നലെ പശ്ചിമ യു പിയിലെ ചില ഉരുളക്കിഴങ്ങ് കര്‍ഷകരെ കാണാനിടയായി. അതില്‍ ഒരു കര്‍ഷകനാണ് തന്നോട് ഇങ്ങനെ പറഞ്ഞത്. കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും ഞങ്ങള്‍ കര്‍ഷകര്‍ ഞങ്ങളുടെ തന്നെ കാവല്‍ക്കാരാണെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്.”- പ്രചാരണത്തിന്റെ ഭാഗമായി പ്രയാഗ് രാജില്‍ നിന്ന് വരണാസിയിലേക്ക് ഗംഗാ നദിയിലൂടെയുള്ള ത്രിദിന ബോട്ടു യാത്രക്കിടെ എന്‍ ഡി ടിവിയോടു സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.

നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്ന് ദുംദുമാ ഘട്ടിലെ മറ്റൊരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവെ പ്രിയങ്ക പറഞ്ഞു. ഈ രാജ്യവും ഇവിടുത്തെ ജനാധിപത്യവും മാത്രമല്ല, രാഷ്ട്രീയവും നിങ്ങളുടെതാണ്. നിങ്ങളുള്ളതു കൊണ്ടാണ് ഞങ്ങള്‍ നിലനില്‍ക്കുന്നത്. നിങ്ങള്‍ ജനങ്ങളില്ലെങ്കില്‍ ഒരു പ്രിയങ്ക ഗാന്ധി ഉണ്ടാകില്ല- എ ഐ സി സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് “മേം ഭി ചൗക്കിദാര്‍” എന്ന പ്രചാരണത്തിന് തുടക്കമിട്ടത്. നിലവില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ് അഴിമതിക്കെതിരെ പോരാടുന്ന രാജ്യത്തെ പ്രധാന ശക്തിയെന്ന നിലയിലാണ് ഈ പ്രചാരണം. പിന്നീട് അമിത് ഷാ ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളും നിരവധി കേന്ദ്ര മന്ത്രിമാരും ഈ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ബദലായാണ് മോദി ഈ പ്രചാരണത്തിന് തുടക്കമിട്ടത്.

---- facebook comment plugin here -----

Latest