മനോഹര്‍ പരീക്കര്‍: നാളെ ദേശീയ ദുഃഖാചരണം, അനുശോചനമറിയിച്ച് പ്രമുഖര്‍

Posted on: March 17, 2019 9:58 pm | Last updated: March 18, 2019 at 10:05 am

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ വിയോഗത്തില്‍ അനുശോചിച്ച് നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തും സംസ്ഥാന തലസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശ തലസ്ഥാനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Read more: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

മനോഹര്‍ പരീക്കറിന്റെ വിയോഗത്തില്‍ പ്രമുഖ അനുശോനമറിയിച്ചു:

രാഷ്ട്രപതി രാം നാഥ് കോവിന്ദ്: പൊതുജീവിതത്തില്‍ ആത്മാര്‍ഥതയും സമര്‍പ്പണ ബോധവും പുലര്‍ത്തിയ നേതാവായിരുന്നു പരീക്കര്‍. അദ്ദേഹം രാജ്യത്തിനും ഗോവക്കും നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി: സമാനതികളില്ലാത്ത വ്യക്തിത്വമായിരുന്നു മനോഹര്‍ പരീക്കര്‍. തികഞ്ഞ ദേശ സ്‌നേഹിയായിരുന്നു അദ്ദേഹം. ആധുനിക ഗോവയുടെ ശില്‍പ്പിയാണ് മനോഹര്‍ പരീക്കര്‍. ജനകീയ ആഭിമുഖ്യമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ഗോവയെ ഉയരങ്ങളില്‍ എത്തിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹമെടുത്ത പല നിര്‍ണായക തീരുമാനങ്ങളും ഇന്ത്യയുടെ സുരക്ഷക്ക് കരുത്തേകുന്നതായിരുന്നു.

രാഹുല്‍ ഗാന്ധി: ഗോവയുടെ പ്രിയ പുത്രനായിരുന്നു പരീക്കര്‍. പാർട്ടിയിൽ ആദരണീയനും ആരാധ്യനുമായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍:
ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് മനോഹര്‍ പരീക്കര്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.