Connect with us

Ongoing News

'ചൗകിദാര്‍ നരേന്ദ്ര മോദി'; 'കാവല്‍ക്കാരന്‍' വീണ്ടും പ്രചാരണ മുദ്രാവാക്യം

Published

|

Last Updated

ബി ജി പിയും കോൺഗ്രസും സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന പ്രചാരണ ചിത്രങ്ങൾ

ഓരോ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ കാവൽക്കാരനെ കണ്ടെത്തുന്നതിന് വേണ്ടിയാണ്. എന്നാൽ, രാജ്യത്തിന്റെ തന്നെ കാവൽക്കാരൻ (ചൗക്കിദാർ) താനാണെന്ന പ്രഖ്യാപനവുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് വർഷം മുമ്പ് അധികാരത്തിലെത്തിയത്. പ്രതിരോധത്തിലാകുമ്പോഴെല്ലാം, “ഞാൻ രാജ്യത്തിന്റെ കാവൽക്കാരനാണ്, എന്നെ വിശ്വസിക്കൂ” എന്നതാണ് അദ്ദേഹത്തിന്റെ ലൈൻ.

പക്ഷേ, ആ കാവൽക്കാരൻ സംശയത്തിന്റെ നിഴലിലാണെന്ന് പ്രതിപക്ഷം ഒന്നടങ്കം പറഞ്ഞു തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. റാഫേൽ ജെറ്റ് ഇടപാടിലെ കള്ളക്കളികൾ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്നു തുടങ്ങിയപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അക്കാര്യം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു- “കാവൽക്കാരൻ കള്ളനാണ്” (ചൗക്കിദാർ ചോർ ഹെ). വൈകാതെ, രാഹുലിന്റെ ആ പരാമർശം മുദ്രാവാക്യം പോലെയായി മാറി കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും. ട്രോളുകളുടെ പരമ്പരയായിരുന്നു പിന്നീട്. നെഞ്ചളവ് കുറഞ്ഞ് മോദിയും കൂട്ടരും പ്രതിരോധത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഒടുവില്‍ തന്റെ ട്വിറ്റര്‍ അകൗണ്ടിലെ പേരിനു മുമ്പിലും “ചൗകിദാര്‍” ചേര്‍ത്തിരിക്കുകയാണ് മോദി. പിന്നാലെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെപി നഡ്ഡ എന്നിവരും ട്വിറ്റര്‍ അകൗണ്ടിലെ പേരിനു മുമ്പില്‍ ചൗകിദാര്‍ ചേര്‍ത്തു. 2014ലും പൊതുതിരഞ്ഞെടുപ്പ് സമയത്ത് മോദി “ചൗകിദാര്‍” എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു.

പുതിയപേരില്‍ മോദിയുടെ ട്വിറ്റര്‍ അകൗണ്ട്‌

ചൗകിദാര്‍/ചോര്‍

തിരിച്ചടിയായി മാറിയ, “ചൗക്കിദാർ” പ്രചാരണം പക്ഷേ വിട്ടുകളയാൻ നരേന്ദ്ര മോദി ഒരുക്കമല്ല. അതിൽ ചെറിയൊരു (പക്ഷേ, ചെറുതല്ല) മാറ്റം വരുത്തി വീണ്ടുമിറങ്ങിയിരിക്കുകയാണ്. അതേക്കുറിച്ച് ട്വിറ്ററിൽ അദ്ദേഹം നന്നായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാനും കാവൽക്കാരനാണ് (മേം ഭീ ചൗക്കിദാർ) എന്നതാണ് പുതിയ മാറ്റം. “ഞാൻ കാവൽക്കാരൻ” എന്നത് മാറ്റി “ഞാനും കാവൽക്കാരൻ” എന്നാക്കി മാറ്റുന്നു. ഇതൊരു ക്യാമ്പയിനായി എല്ലാവരും ഏറ്റെടുക്കണമെന്നാണ് വീഡിയോ സഹിതമുള്ള ട്വിറ്റർ പോസ്റ്റിൽ അദ്ദേഹത്തിന്റെ ആവശ്യം.

“സമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചുനീക്കാൻ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും, രാജ്യ പുരോഗതിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും കാവൽക്കാരനാണ് (ചൗക്കീദാർ). നിങ്ങളുടെ കാവൽക്കാരനായ ഞാൻ രാജ്യസേവനത്തിനായി ശക്തമായി നിലകൊള്ളുന്നു. ഞാൻ തനിച്ചല്ല. ഇന്ന് ഓരോ ഇന്ത്യക്കാരനും “”ഞാൻ ചൗക്കീദാർ”” എന്ന് പറയുന്നു” – മോദി ട്വീറ്റിൽ വിശദീകരിക്കുന്നു. ഈ പ്രസ്താവനക്കൊപ്പം എൻ ഡി എ സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോയും ഉണ്ട്. പുതിയ ടാഗും വീഡിയോയും ഉപയോഗിച്ച് കോൺഗ്രസിന്റെ ആരോപണങ്ങൾ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്.

പക്ഷേ, പ്രചാരണ വേദികളിൽ യുവത്വത്തിന്റെ പ്രസരിപ്പുമായി ഓടിനടക്കുന്ന രാഹുലിന് ഇത് പൊളിച്ചടുക്കാൻ അധികം സമയം വേണ്ടിവന്നില്ല. ചുട്ടമറുപടിയുമായി രാഹുലിന്റെ സചിത്ര ട്വീറ്റ് പിന്നാലെയെത്തി.

“പ്രതിരോധ ട്വീറ്റ്, മോദി!
ഇന്നൽപ്പം കുറ്റബോധമൊക്കെ തോന്നുന്നുവല്ലേ?”- രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിക്കുന്നു. ഈ ട്വീറ്റിൽ വൻ വ്യവസായികളായ അനിൽ അംബാനി, നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ തുടങ്ങിയവർക്കൊപ്പം നരേന്ദ്ര മോദിയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് താഴെ “മേം ഭീ ചൗക്കിദാർ” എന്ന് എഴുതിവെക്കുക കൂടി ചെയ്യുമ്പോൾ രാഹുലിന്റെ ട്വീറ്റിന് ശക്തിയേറുന്നു.
ഏതാനും ദിവസം മുന്പ് ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംബന്ധിച്ച് രാഹുൽ പ്രസംഗിച്ചു: “അഞ്ച് വർഷം മുമ്പ് തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ചൗക്കിദാർ പറഞ്ഞു. താൻ അഴിമതിക്കെതിരെ യുദ്ധം ചെയ്യുമെന്ന്. താൻ കോൺഗ്രസ് മുക്ത ഭാരതം സൃഷ്ടിക്കുമെന്ന്. അഛേ ദിൻ ആയേംഗെ (നല്ല ദിവസം വരും) എന്നായിരുന്നു മറ്റൊരു മുദ്രാവാക്യം. ഇന്നത് മാറ്റിയിരിക്കുന്നു, ചൗക്കിദാർ ചോർ ഹെ”. തുടർന്നിങ്ങോട്ടുള്ള വേദികളിലെല്ലാം രാഹുലിന്റെ പ്രധാന വിഷയം ഇതുതന്നെയായിരുന്നു. ഇപ്പോളിതാ വീണ്ടും കാവൽക്കാരൻ സജീവമായിരിക്കുന്നു. മറ്റൊരു രൂപത്തിൽ, ഭാവത്തിൽ.