കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രൗണിന് പിറകെ

Posted on: March 17, 2019 1:31 pm | Last updated: March 17, 2019 at 1:31 pm
ഫില്‍ ബ്രൗണ്‍

മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതില്‍ കൂടുതല്‍ നാണം കെടാനില്ല. ഐ എസ് എല്ലില്‍ ഒമ്പതാം സ്ഥാനം, ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ ആരോസിന്റെ യുവ ഇന്ത്യന്‍ നിരയോട് തോറ്റ് പുറത്താകല്‍. റെനോ വിന്‍ഗാദ എന്ന പരിശീലകന് കീഴില്‍ തോല്‍ക്കാന്‍ മാത്രം ശീലിച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത പദ്ധതിയെന്താണ്? മഞ്ഞപ്പടയുടെ ആരാധകരെല്ലാം പിന്‍വലിഞ്ഞു തുടങ്ങിയതോടെ ക്ലബ്ബ് പുതിയ പരിശീലകനെ തേടുകയാണ്.

എഫ് സി പൂനെ സിറ്റിയുടെ ഫില്‍ ബ്രൗണിനെയാണ് ക്ലബ്ബ് മാനേജ്‌മെന്റ് നോട്ടമിട്ടിരിക്കുന്നത്. ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനകളുണ്ട്. കഴിഞ്ഞ സീസണില്‍ പൂനെ സിറ്റിയെ അവസാന ആറ് മത്സരങ്ങളിലാണ് ഫില്‍ ബ്രൗണ്‍ പരിശീലിപ്പിച്ചത്.
22 പോയിന്റുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ പൂനെ സിറ്റിക്ക് സാധിച്ചത് ബ്രൗണിന്റെ വരവായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് സീസണില്‍ 15 പോയിന്റ് മാത്രമാണ് നേടാനായത്.
ആദ്യ മൂന്ന് സീസണിലുണ്ടായിരുന്ന ആരാധകവൃന്ദത്തെ ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായി. അറുപതിനായിരം കാണികള്‍ എത്തിയിരുന്ന ഹോം മാച്ചിന് നാലായിരം പേരെ തികച്ച് കിട്ടാത്ത അവസ്ഥയായി. ബ്രാന്‍ഡ് വാല്യു ഇടിഞ്ഞതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.